Tuesday, 29th April 2025
April 29, 2025

എന്താണ് ലോക്ക് ഡൗണ്‍; എന്തൊക്കെ ചെയ്യാം, ചെയ്യാതിരിക്കാം; അവശ്യ സര്‍വ്വീസുകള്‍ ഏവ

  • March 23, 2020 11:05 am

  • 0

കോഴിക്കോട് : ജനങ്ങള്‍ ഒരു പ്രദേശത്ത് നിന്ന് പുറത്ത് പോവാതിരിക്കാന്‍ എടുക്കുന്ന അടിയന്തിര പെരുമാറ്റച്ചട്ടം ആണ് ലോക്ക് ഡൗണ്‍. എവിടെയാണ് നിങ്ങള്‍ അവിടെ തുടരണമെന്നാണ് പരിപൂര്‍ണ്ണ ലോക്ക് ഡൗണ്‍ കൊണ്ടുദ്ദേശിക്കുന്നത്. നിങ്ങള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നോ പ്രദേശത്ത് നിന്നോ മാറാന്‍ നിങ്ങള്‍ക്ക് അനുമതിയുണ്ടാവില്ല.

കോവിഡ് രോഗ വ്യാപനത്തിനെതിരേയുള്ള മുന്‍കരുതലെന്നോണമാണ് രാജ്യത്തെ 80 നഗരങ്ങള്‍ ലോക്ക് ഡൗണിലേക്ക് പോകുന്നത്. ഏറ്റവും അധികം ചലിക്കുന്ന നഗരങ്ങളായ മുംബൈ, ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളെല്ലാം പൂര്‍ണ്ണമായും ബന്തവസ്സിലാണ്.

അവശ്യസാധന സര്‍വ്വീസുകളെ പൊതുവെ ലോക്കഡൗണ്‍ ബാധിക്കാറില്ല. ഫാര്‍മസികള്‍, പലചരക്ക് പച്ചക്കറി കടകള്‍, ബാങ്കുകള്‍ എന്നിവയുടെ സേവനം സാധാരണ ലോക്ക്‌ ഡൗണുകളില്‍ നിര്‍ത്തിവെപ്പിക്കാറില്ലഅവശ്യമല്ലാത്ത എല്ലാ സര്‍വ്വീസുകളും പരിപാടികളും ആഘോഷങ്ങളും ഈ കാലയളവില്‍ പൂര്‍ണ്ണമായും നിര്‍ത്തി വെപ്പിക്കും.

എന്തെല്ലാമാണ് അവശ്യ സര്‍വ്വീസുകള്‍?

  • പഴംപച്ചക്കറി, പലചരക്ക്, കുടിവെള്ളം, കാലിത്തീറ്റ എന്നിവയുടെ വിതരണം

  • ഭക്ഷ്യോത്പാദന കേന്ദ്രങ്ങള്‍, പമ്ബ് നടത്തിപ്പുകാര്‍. അരി മില്ലുകള്‍, പാല്‍, പാല്‍ ഉത്പന്ന ഉത്പാദന വിതരണ കേന്ദ്രങ്ങള്‍, ഫാര്‍മസി, മരുന്ന്, ആരോഗ്യ കേന്ദ്രങ്ങള്‍

  • ടെലികോം, ഇന്‍ഷുറന്‍സ്, ബാങ്ക്, എടിഎം, പോസ്റ്റ് ഓഫീസ്, ഭക്ഷ്യസാധനങ്ങളുടെ ഗോഡൗണുകള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനത്തിന് ലോക്ക് ഡൗണ്‍ കാലയളവില്‍ തടസ്സമുണ്ടാവില്ല

നിയമം ലംഘിച്ചാല്‍

ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ഒരുമാസം തടവും പിഴയുമാണ് ശിക്ഷ.

ജോലി സ്ഥലത്ത് പോകാനാവുമോ

പ്രധാന നഗരങ്ങളിലെ സ്വകാര്യ കമ്ബനികളോടെല്ലാം തന്നെ വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള സൗകര്യം ജീവനക്കാര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ഇതിനോടകം തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കും വരെ ഏറ്റവും കുറഞ്ഞ ജീവനക്കാരെ ഉള്‍പ്പെടുത്തി വേണം ഓരോ സ്ഥാപനവും ജോലി ചിട്ടപ്പെടുത്താന്‍. കൂലിത്തൊഴിലാളികള്‍ക്കും ദിവസവേതന തൊഴിലാളികള്‍ക്കും ആശ്വാസ സഹായം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യം വന്നാല്‍

ആശുപത്രി, ഫാര്‍മസി പോലുള്ള അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റാന്‍ തടസ്സമുണ്ടാവില്ല.

ഗതാഗത സംവിധാനങ്ങള്‍ പരിമിതപ്പെടുത്തിയതിനാല്‍ കടകളിലെയും മാളുകളിലെയും സ്റ്റോക്കുകളെല്ലാം കുറവായിരിക്കും. അവശ്യ സാധനങ്ങള്‍ വാങ്ങാം. സാധനങ്ങള്‍ കണ്ടമാനം വാങ്ങിക്കൂട്ടി വിപണികളില്‍ ലഭ്യതക്കുറവുണ്ടാക്കരുത്.