കാലമേ… നന്ദി..
December 26, 2024 5:59 pm
0
എം.ടിയുടെ ജീവിതവും എഴുത്തും സിനിമയും.
മനുഷ്യജീവിതത്തിൻറെ അഗാധതകളെ നിളയുടെ ആഴത്തോളം, പരപ്പോളം മലയാളിയെ അനുഭവിപ്പിച്ച എഴുത്തുകാരൻ. തൊട്ടതിലെല്ലാം പൊൻമുദ്ര ചാർത്തിയ സർഗപ്രതിഭ, മലയാള ചെറുകഥയെ കവിതയുടെ ഉദാത്തതയിലേക്ക് ആനയിച്ച കാഥികൻ. ജ്ഞാനപീഠമേറിയ വാക്കുകളുടെ പെരുന്തച്ചൻ. എഴുത്തിന്റെ പടി ക്കെട്ടുകൾ താണ്ടാൻ ഒട്ടേറെ പേർക്ക് വഴി തെളിച്ച പത്രാധിപർ. മലയാളത്തിലെ ഏറ്റവും വിലയേറിയ തിരക്കഥാകൃത്ത്. നടപ്പുശീലങ്ങളിൽനിന്ന് മലയാള സിനിമയുടെ നെറുകയിൽ കടുംവെട്ട് ചാർത്തിയ സംവിധായകൻ. മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി എന്ന രണ്ടക്ഷരത്തിന്റെ വിശാലതകൾ വിവരിക്കുക എളുപ്പമല്ല.
കവിതയെഴുതിത്തുടങ്ങിയെങ്കിലും കഥയിലേക്കു പ്രവേശിച്ച കാലം മുതൽ അതൊരു ഒഴുക്കായിരുന്നു. ലോകസാഹിത്യത്തിൻ്റെ വിശാലതകളിലേക്ക് വായനകൊണ്ടും അറിവുകൊണ്ടും കടന്നുചെന്നപ്പോഴും തന്നോട് ചേർന്നൊഴുകിയ നിളയുടെ നൈർമല്യവും ലാളിത്യവും എഴുത്തിലേക്ക് ചേർത്തുനിർത്താനായിരുന്നു എം.ടിക്ക് എന്നും താൽപര്യം. അറിയാത്ത സമുദ്രങ്ങളിലേക്ക് അദ്ദേഹം കുതിച്ചില്ല. അറിയുന്ന നിളയുടെ ആഴങ്ങളിൽ ആവുന്നത്ര എടുക്കാൻ ഇനിയുമേറെയുണ്ടെന്ന് എപ്പോഴും അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു.
“കൂടല്ലൂർ എന്ന എൻ്റെ ചെറിയ ലോകത്തിനോടു ഞാൻ മാറിനിൽക്കാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു. അതിന്റെ നാലതിരുകൾക്കപ്പുറത്തു കടക്കില്ലെന്ന നിർബന്ധമുണ്ടോ എന്നു ചോദിക്കാം. ഇല്ല, വ്യത്യസ്തമായ ഭൂഭാഗങ്ങൾ തേടി ഞാൻ അലയാറുണ്ട്, പലപ്പോഴും. പക്ഷേ, വീണ്ടും വീണ്ടും ഞാനിവിടേക്കു തിരിച്ചുവരുന്നു. ഇതൊരു പരിമിതിയാകാം.പക്ഷേ, അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാൾ അറിയുന്ന എന്റെനിളാനദിയാണെനിക്കിഷ്ടം.”
തെരഞ്ഞെടുത്ത കഥകളുടെ ആദ്യപതിപ്പിൽ എം.ടി ഇങ്ങനെ എഴുതുന്നു. വാസ്‌തവത്തിൽ തൻ്റെ രചനകളെക്കുറിച്ചുള്ള സത്യവാങ്‌മൂലമാണ് ഈ വാക്കുകൾ. അമേരിക്കയും വാരാണസിയുമൊക്കെ പശ്ചാത്തല മായിപ്പോലും കഥ പറയുമ്പോഴും അതിൻ്റെ വേരുകൾ വെള്ളം തേടിവന്നുനിൽക്കുന്നത് നിളയുടെ തീരത്തു തന്നെയായിരുന്നു.ദാരിദ്ര്യത്തിന്റെ വലിയൊരു പുഴ താണ്ടിക്കടന്നതായിരുന്നു എം ടിയുടെ ബാല്യം. കഥകളിലേക്ക് ആ ദരിദ്രമായ നാളുകളെ എം.ടി പലകുറി പരാവർത്തനം ചെയ്തിട്ടുമുണ്ട്. നാലുകെട്ടിലും അസുരവിത്തിലുമൊക്കെ ദരിദ്രമായ ആ കാലത്തിൻ്റെ അടയാളങ്ങളുണ്ട്.1933 ജൂലൈ 15ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ കൂടല്ലൂരിലായിരുന്നു ജനനം. അച്ഛൻ പുന്നയൂർക്കുളം ടി. നാരായണൻ നായരുടെയും അമ്മാളു അമ്മയുടെയും നാല് ആൺമക്കളിൽ ഏറ്റവും ഇളയവൻ. അച്ഛൻ സിലോണിൽനിന്നയക്കുന്ന തുച്ഛമായ തുകയിൽ കഴിഞ്ഞുപോന്ന കുടുംബം. കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി തകർന്നുതുടങ്ങിയതോടെ രണ്ടുപേരുടെ പഠനം അസാധ്യമായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഒരു വർഷം തുടർപഠനം നടത്താനായില്ല. ആ കാലത്ത് അക്കിത്തത്തിന്റെ വീട്ടിൽനിന്ന് എടുത്തുകൊണ്ടുവന്ന് വായിച്ച പുസ്‌തകങ്ങളിലൂടെ വായനയുടെ ഒരു ലോകം തനിക്കുചുറ്റും പടുക്കാൻ തുടങ്ങി. എല്ലാം മറന്ന് ആണ്ടിറങ്ങിയ ഏകാകിതമായ ആ വായനാലോകത്തിൽ അവസാനകാലം വരെ യും എം.ടി സ്വയമലിഞ്ഞുകിടന്നു. കൂടല്ലൂരിൻ്റെ ഇടവഴികളിൽനിന്ന് ആ കാലങ്ങളിൽ എം.ടി കഥകളെയും കഥാപാത്രങ്ങളെയും കണ്ടെടുക്കുകയായിരുന്നു. വേലായുധനും ഗോവിന്ദൻകുട്ടിയും കോന്തുണ്ണിയും കാ തുമുറിച്ച മീനാക്ഷിയുമെല്ലാം ആ കണ്ടുപിടിത്തങ്ങളായിരുന്നു.
കോഴിക്കോട്ടുകാരനായ എം.ടി
പിന്നീട് പാലക്കാട് പഠിക്കാൻ പോയി. വിക്ടോറിയ കോളജിൽ രസതന്ത്രത്തിൽ ബിരുദം. പി. ഭാസ്കരനെപ്പോലുള്ളവരുടെ പത്രാധിപത്യത്തിൽ മദിരാശിയിൽനിന്നിറങ്ങിയിരുന്ന ‘ജയകേരളം’ മാഗസിനിൽ പഠനകാലത്ത് എഴുതിയ കഥകൾ അച്ചടിച്ചുവന്നു. ഫൈനൽ ഇയറിന് പഠിക്കുമ്പോൾ (1953) മാത്യഭൂമി നടത്തിയ ലോക കഥാമത്സരത്തിന് അയച്ച ‘വളർത്തുമൃഗങ്ങൾ എന്ന കഥക്ക് ഒന്നാം സമ്മാനം കിട്ടിയപ്പോൾ തന്നെ ഉറപ്പിച്ചു, എഴുത്തുതന്നെ ജീവിതം കൂടുതൽ വായിക്കാനും എഴുതാനും സൗകര്യപ്പെടുക കോളജ് അധ്യാപകനായാലാണെന്ന വിശ്വാസത്താൽ അതാകാൻ ആഗ്രഹിച്ച ഒരു കാലമുണ്ടായിരുന്നു എം.ടിക്ക്. പക്ഷേ, നിയോഗം തന്റെ കഥ പ്രസിദ്ധപ്പെടുത്തിയ അതേ ‘മാത്യഭൂമി’യിൽ പത്രാധിപസമിതിയംഗമാകാനായിരു ന്നു. ഇടക്കാലത്ത് അധ്യാപകൻ്റെയും ഗ്രാമസേവകൻ്റെയും വേഷമിട്ടു.
മാത്യഭൂമിയിലെ ജോലി കൂടല്ലൂരുകാരനായ എം.ടിയെ കോഴിക്കോട്ടുകാരനാക്കി. ഉറുബ്, എൻ.പി. മുഹമ്മ ദ്. എസ്.കെ. പൊറ്റെക്കാട്ട് വൈക്കം മുഹമ്മദ് ബഷീർ തുടങ്ങിയ പ്രമുഖരായ എഴുത്തുകാരുടെ വലിയ സംഘത്തിൽ അങ്ങനെ എം.ടിയുമുണ്ടായി അതൊരു വസന്തകാലമായിരുന്നുവെന്ന് അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നു.
‘എഴുത്തിലേക്കുള്ള മോഹം ഇവിടെനിന്നാണ് തുടങ്ങുന്നത്. ആ കാലത്ത് ഇവിടെ വായനശാലകളുണ്ടായിരുന്നില്ല മഹാകവി അക്കിത്തത്തിൻ്റെ വീട്ടിലേക്ക് കുന്നുകൾ കയറിയിറങ്ങി നടന്നുപോയാണ് വായിക്കാൻ പുസ്തകങ്ങൾ കൊണ്ടുവന്നിരുന്നത്.
കൂടല്ലൂർ ഗ്രാമത്തിലെ ഇടവഴികളും ഇല്ലിമുളംകാടും പുഴയും ജീവജാലങ്ങളും ഇവിടത്തെ മനുഷ്യരുമാണ് എന്റെ കഥാപാത്രങ്ങളായി നിറഞ്ഞത്. അവരാണ് എഴുത്തുകാരനാക്കിയത്. പത്രങ്ങൾപോലും വരാത്ത ആ കാലത്ത് നാട്ടിലെ പ്രധാന തറവാട്ടിലേക്ക് മൂന്നു ദിവസം കൂടുമ്പോൾ എത്തുന്ന ‘ഹിന്ദു’ പത്രമായിരുന്നു ആശ്രയം. അവിടത്തെ കാര്യസ്ഥൻ്റെ പിന്നാലെ നടന്നാണ് വായിച്ചിരുന്നത്. എന്നും വൈകീട്ട് പോസ്റ്റ് ഓഫിസിൽ പോകും. ആരും കത്തയച്ചിട്ടില്ല. ഒരു രസം അത്രമാത്രം. കത്ത് വാങ്ങാൻ വരുന്നവരുടെ മുഖഭാ വങ്ങൾ മനസ്സിൽ തട്ടുമായിരുന്നു. പിന്നീട് ചെറിയതോതിൽ എഴുതിത്തുടങ്ങി. വായിക്കും, പിന്നീട് ചിന്തിക്ക ളയും -എം.ടി പറഞ്ഞിട്ടുണ്ട്. അന്ന് ബുക്ക് പോസ്‌റ്റായാണ്) കത്ത് അയച്ചിരുന്നത്. മുക്കാൽ അണയുടെ സ് റ്റാമ്പ് വേണം. ഇതിന് പലപ്പോഴും അമ്മയാണ് സഹായിച്ചത് ‘നാലുകെട്ട് അമ്മ പറഞ്ഞുതന്ന കഥകളിലു ടെയും മറ്റുമാണ് പിറവിയെടുത്തതെന്നും എം.ടി തന്നെ പറഞ്ഞിട്ടുണ്ട്. ‘പാതിരാവും പകൽവെളിച്ചവും’ എ ന്ന ആദ്യനോവൽ മാത്യഭൂമി ആഴ്‌ചപ്പതിപ്പിൽ ഖണ്ഡശിയായി പുറത്തുവന്നത് അക്കാലത്താണ്.
പിന്നീട് എം.ടി എന്നത് അക്ഷരോത്സവമായി മാറി. നാലുകെട്ടും അസുരവിത്തും മഞ്ഞും കാലവുമെല്ലാം വായനക്കാർ ഉത്സാഹത്തോടെ ഏറ്റുവാങ്ങി. വ്യാസൻ മഹാഭാരതത്തിൽ അവശേഷിപ്പിച്ച മൗനങ്ങളുടെ ആഴം തേടിയ ‘രണ്ടാമൂഴം’ മലയാളത്തിലെ മറ്റൊരു ഇതിഹാസമായി. 90കളുടെ ഒടുവിൽ എഴുതിയ ‘വരാണസി’ എന്ന നോവലായിരുന്നു ആ പരമ്പരയിൽ ഒടുവിലത്തേത്.