
5 കോടി നഷ്ട പരിഹാരം വേണം;ഗുഡ് ബാഡ് അഗ്ലിക്കെതിരെ ഇളയരാജ
April 15, 2025 5:57 pm
0
അജിത് കുമാർ നായകനായ ഗുഡ് ബാഡ് അഗ്ലി എന്ന സിനിമക്കെതിരെ നിയമ നടപടിയുമായി ഇളയരാജ. അഞ്ച് കോടി നഷ്ട പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കൾക്ക് ഇളയരാജ നോട്ടീസ് അയച്ചു. താൻ ഈണമിട്ട ഗാനങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ചാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
ഒത്ത രൂപ തരേൻ, എൻ ജോഡി മഞ്ഞക്കുരുവി എന്നീ ഗാനങ്ങൾ ഉപയോഗിച്ചതിനാണ് നോട്ടീസ്. ചിത്രത്തിൻ്റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിനാണ് അദ്ദേഹം നോട്ടീസ് അയച്ചത്. നേരത്തെയും നിരവധി സിനിമകളിൽ താൻ സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങൾ അനുവാദം കൂടാതെ ഉപയോഗിച്ചെന്ന്ചൂണ്ടിക്കാണിച്ച് ഇളയരാജ രംഗത്തുവന്നിട്ടുണ്ട്. സ്റ്റേജ് ഷോകൾക്കെതിരെയും അദ്ദേഹം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
എന്നാൽ ഗാനങ്ങളുടെ പകർപ്പവകാശമുള്ള സ്റ്റുഡിയോ, വ്യക്തികൾ, നിർമാണ കമ്പനികൾ എന്നിവരിൽ നിന്നും അനുവാദം തേടിയ ശേഷമായിരിക്കും പാട്ടുകൾ ചിത്രങ്ങളിൽ ഉപയോഗിക്കുക. ഗുഡ് ബാഡ് അഗ്ലി നിർമാതാക്കൾ ഇളയരാജയുടെ നോട്ടീസിനോട് നിലവിൽ പ്രതികരിച്ചിട്ടില്ല. അജിത് ആരാധകർ ആഘോഷമാക്കുന്ന ചിത്രം തീയറ്ററുകളിൽ മികച്ച പെർഫോമൻസാണ് കാഴ്ച്ചവെയ്ക്കുന്നത്. ഏപ്രിൽ 10ന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ 100 കോടി പിന്നിട്ട് കഴിഞ്ഞു.