ബെർണബ്യൂവിൽ റയലിന് കഷ്ടകാലം! എ.സി മിലാനോട് തോറ്റ് ചാമ്പ്യന്മാർ (3-1)
November 6, 2024 10:26 am
0
മഡ്രിഡ്: ചാമ്പ്യൻസ് ലീഗിൽ സ്വന്തം കാണികൾക്കു മുന്നിൽ നാണംകെട്ട് ചാമ്പ്യന്മാർ. സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന ഗ്രൂപ്പ് പോരിൽ ഇറ്റാലിയൻ വമ്പന്മാരായ എ.സി മിലാൻ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ മഡ്രിഡിനെ തരിപ്പണമാക്കിയത്.
ബെർണബ്യൂവിൽ നടന്ന എൽക്ലാസികോ പോരിലും ബാഴ്‌സയോട് മറുപടിയില്ലാത്ത നാലുഗോളുകൾക്ക് റയൽ പരാജയപ്പെട്ടിരുന്നു. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ നാലു മത്സരങ്ങളിൽ കാർലോ ആഞ്ചലോട്ടിയുടെയും സംഘത്തിന്റെയും രണ്ടാം തോൽവിയാണിത്. മാലിക് ത്യാവൂ, അൽവാരോ മൊറാട്ട ടിജാനി റെജിൻഡേഴ്‌സ് എന്നിവരാണ് മിലാനായി വലകുലുക്കിയത്. 23-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ബ്രസീൽ വിങ്ങർ വിനീഷ്യസ് ജൂനിയറാണ് റയലിനായി ആശ്വാസ ഗോൾ നേടിയത്.
മത്സരത്തിന്റെ 12-ാം മിനിറ്റിൽതന്നെ റയലിനെ ഞെട്ടിച്ച് മിലാൻ ലീഡെടുത്തു. ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ കോർണർ മാലിക് ത്യാവൂ ഹെഡ്ഡറിലൂടെ വലയിലാക്കി. ഒമ്പത് മിനിറ്റിനുശേഷമാണ് റയലിന് അനുകൂലമായി പെനാൽറ്റി ലഭിക്കുന്നത്. ബോക്‌സിനുള്ളിൽ വിനീഷ്യസിനെ മിലാൻ താരം എമേഴ്‌സൺ റോയൽ വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത വിനീഷ്യസ് ചിപ്പ് ചെയ്ത‌് പന്ത് അനായാസം വലയിലാക്കി.
ബാലൺ ദ്യോർ ചടങ്ങ് ബഹിഷ്‌കരിച്ചതിനുശേഷമുള്ള റയലിൻ്റെ ആദ്യ മത്സരമായിരുന്നു. 39-ാം മിനിറ്റിൽ അൽവാരോ മൊറാട്ടയുടെ ഗോളിൽ വീണ്ടും മുന്നിലെത്തി. മിലാൻ താരം റാഫേൽ ലിയോയുടെ ഒരു ഗ്രൗണ്ട് ഷോട്ട് റയൽ ഗോൾ കീപ്പർ ആൻഡ്രി ലുനിൻ ഡൈവ് ചെയ്ത് തട്ടിയകയറ്റിയെങ്കിലും മുന്നിലേക്ക് ഓടിയെത്തിയ മുൻ റയൽ താരം റീബൗണ്ട് പന്ത് വലയിലാക്കി.
ഇടവേളക്കുശേഷം ഗോൾ മടക്കാനായി റയൽ താരങ്ങൾ നടത്തിയ നീക്കങ്ങളെല്ലാം മിലാൻ പ്രതിരോധത്തിൽ തട്ടി ലക്ഷ്യം കാണാതെ പോയി. 73-ാം മിനിറ്റിൽ റെജിൻഡേഴ്‌സ് ഗോളിൽ മിലാൻ മഡ്രിഡിൽനിന്ന് കളി സ്വന്തമാക്കി. സ്കോർ 3-1. പി.എസ്.ജിയിൽനിന്ന് വലിയ പ്രതീക്ഷയോടെ ക്ലബിലെത്തിച്ച ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെ ഗോളടിക്കാൻ മറക്കുന്നത് തിരിച്ചടിയാകുകയാണ്. നിലവിൽ ചാമ്പ്യൻസ് ലീഗിൽ നാലു മത്സരങ്ങളിൽനിന്ന് രണ്ടു ജയവുമായി ആറു പോയന്റുള്ള റയൽ പട്ടികയിൽ 17-ാം സ്ഥാനത്താണ്.