
Hybrid Cannabis Case; ഷൈന്‍ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യും; ജിന്റോയെയും പാലക്കാട് മോഡലിനെയും ഹാജരാക്കാൻ നോട്ടീസ്.
April 28, 2025 11:57 am
0
ഹൈബ്രിഡ് കഞ്ചാവ് കേസിൽ ശ്രീനാഥ് ഭാസിയേയും ഷൈനിനേയും ഇന്ന് ചോദ്യം ചെയ്യും. ഇവർക്ക് രാവിലെ 10 മണിക്ക് ആലപ്പുഴ എക്സൈസ് ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
ഇരുവരും ഇന്ന് എക്‌സൈസ് ഓഫീസിൽ ഹാജരാകുമെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിനായി പ്രത്യേക ചോദ്യാവലി എക്‌സൈസ് തയ്യാറാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ തെളിവുകൾ ലഭിച്ചാല്‍ അറസ്റ്റും ഉണ്ടാകാനാണ് സാധ്യത. താരങ്ങളോടൊപ്പം, പാലക്കാട് സ്വദേശിയായ മോഡൽ സൗമ്യയോടും ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈബ്രിഡ് കഞ്ചാവ് കേസിലെ സിനിമാ ബന്ധം തെളിയിക്കുന്നതിനുവേണ്ടിയാണ് ഷൈന്‍ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും എക്‌സൈസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. കേസിലെ മുഖ്യപ്രതികളായ തസ്ലീമ സുല്‍ത്താനും ഭര്‍ത്താവ് സുല്‍ത്താനും നൽകിയ മൊഴികളുടെയും, പ്രതികളിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
പാലക്കാട് സ്വദേശിയായ മോഡല്‍ തസ്ലീമയും താരങ്ങളും തമ്മിലുള്ള ലഹരി ഇടപാടില്‍ ഇടനിലക്കാരി ആണോ എന്ന് എക്‌സൈസ് സംശയിക്കുന്നു. മോഡലിന്റെ അക്കൗണ്ടിൽ നിന്നും തസ്ലീമയുടെ അക്കൗണ്ടിലേക്ക് പലതവണ പണം കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ പണം താരങ്ങൾക്ക് ലഹരി വാങ്ങിയതിന്‍റെ തുകയാണോ എന്ന് എക്‌സൈസ് സംശയിക്കുന്നു.
ചൊവ്വാഴ്ച ബിഗ് ബോസ് താരം ജിന്റോ ഹാജരാകാൻ എക്‌സൈസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ജിന്റോയും തസ്ലീമയും നടത്തിയ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താനാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ എക്‌സൈസ് വിളിച്ചിരിക്കുന്നത്. കൂടാതെ, സിനിമാ അണിയറ പ്രവർത്തകരിൽ ഒരാളെ ചോദ്യം ചെയ്യാനുള്ള തീരുമാനവും എക്‌സൈസ് എടുത്തിട്ടുണ്ട്.