Wednesday, 23rd April 2025
April 23, 2025
പഹല്‍ഗാം ആക്രമണം

പഹല്‍ഗാം ആക്രമണം: ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള കസൂരിയാണെന്ന സൂചന; അന്വേഷണത്തിനിടെ പുതിയ വിവരങ്ങള്‍ പുറത്തായി

  • April 23, 2025 2:33 pm

  • 0

പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഭീകര സംഘടനയിലെ സെയ്ഫുള്ള കസൂരിയാണെന്ന് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക കണ്ടെത്തല്‍. ആക്രമണത്തിന് മുമ്പ് ഹോട്ടലുകളിലും പരിസരപ്രദേശങ്ങളിലും കസൂരി നിരീക്ഷണം നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.ഇതുവരെ ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഏഴംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍. ഇവര്‍ രണ്ട് സംഘങ്ങളായി സ്ഥലത്തെത്തിയതായും അന്വേഷണം സൂചിപ്പിക്കുന്നു. സംഭവത്തെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പഹല്‍ഗാമിലെത്തി സ്ഥിതിഗതികള്‍ നേരില്‍ക്കണ്ട് വിലയിരുത്തി.ഭീകരര്‍ക്കായി മൂന്ന് പ്രധാന മേഖലകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ തുടരുകയാണ്.

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ സംഘം ശ്രീനഗറില്‍ എത്തി. സംഘം ഉടന്‍ തന്നെ ആക്രമണമുണ്ടായ പഹല്‍ഗാമിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ​ആക്രമണം നടന്ന പരിസരത്ത് നിന്ന് നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ബൈക്ക് കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. അതേസമയം, ആഭ്യന്തരമന്ത്രി അമിത് ഷാ അനന്ത്‌നാഗിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി ആക്രമണത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിക്കുമെന്ന് സൂചന. ആശുപത്രിയില്‍ കര്‍ശന സുരക്ഷാ ഒരുക്കങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി ഉയര്‍ന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ശ്രീനഗറില്‍ എത്തിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ രണ്ട് ദിവസത്തെ സൗദി അറേബ്യ സന്ദര്‍ശനം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഡല്‍ഹിയിലെ വിമാനത്താവളത്തിലെത്തിയ ഉടന്‍ തന്നെ പ്രധാനമന്ത്രി അടിയന്തര സുരക്ഷാ യോഗം ചേര്‍ത്തു.അജിത് ഡോവല്‍, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അടിയന്തര മന്ത്രിസഭാ സമിതി യോഗം ചേരും. ആക്രമണത്തിനു ശേഷമുള്ള രാജ്യത്തിന്റെ സുരക്ഷാ സാഹചര്യം യോഗത്തില്‍ വിലയിരുത്താനാണ് തീരുമാനം.ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ സൈന്യവും പോലീസും സംയുക്തമായി ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍ തുടരുകയാണ്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നിലവില്‍ 28 ആയി. കൊല്ലപ്പെട്ടവരില്‍ കേരളത്തിലെ കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ഉള്‍പ്പെടുന്നു. വിനോദസഞ്ചാരത്തിനായി കുടുംബത്തോടൊപ്പം എത്തിയ രാമചന്ദ്രനെ, മകളുടെ മുന്നില്‍ വച്ചായിരുന്നു സൈനിക വേഷത്തിലെത്തിയ ഭീകരര്‍ വെടിവെച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ‘ദ റസിസ്റ്റന്‍സ് ഫ്രണ്ട്’ ഏറ്റെടുത്തിട്ടുണ്ട്. കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. ഇന്ന് രാവിലെ എന്‍ഐഎ സംഘം സംഭവസ്ഥലം സന്ദര്‍ശിക്കും. രാമചന്ദ്രന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് തന്നെ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലെ ഉറിയില്‍ സുരക്ഷാസേനയും ഭീകരരുമധ്യേ ഏറ്റുമുട്ടല്‍ ഉണ്ടായി. നിയന്ത്രണ രേഖയിലൂടെ ഇന്ത്യയിലെത്താനുള്ള ശ്രമം സൈന്യം മറികടക്കാന്‍ അനുവദിച്ചില്ല. നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി.