Tuesday, 29th April 2025
April 29, 2025

സാനിറ്റൈസര്‍ 200 മില്ലിക്ക് 100 രൂപയിലധികം ഈടാക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം

  • March 21, 2020 9:50 am

  • 0

ന്യൂഡല്‍ഹി: സാനിറ്റൈസറുകള്‍ക്ക് അമിതവില ഈടാക്കുന്നത് തടയാന്‍ കര്‍ശനനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. സാനിറ്റൈസറിന്റെ 200 മിലി കുപ്പിയ്ക്ക് നൂറ് രൂപയിലധികം ഈടാക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രി രാം വിലാസ് പസ്വാന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാസ്‌കിന് പത്ത് രൂപയിലധികം ഈടാക്കരുതെന്നും നിര്‍ദേശമുണ്ട്.

ഓണ്‍ലൈന്‍ വിപണിയില്‍ സാനിറ്റൈസറിനും മാസ്‌കിനും അമിതവില ഈടാക്കുന്നതായി സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ഉപയോക്താക്കള്‍ പരാതിയുയര്‍ത്തിയിരുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വ്യക്തിശുചിത്വം പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിച്ച സാഹചര്യത്തിലാണ് ഇവയ്ക്ക് ആവശ്യക്കാര്‍ ഏറുകയും വില വര്‍ധിക്കുകയും ചെയ്തത്.

ചില ഓണ്‍ലൈന്‍ കച്ചവടക്കാര്‍ സാനിറ്റൈസറിന് 16 മടങ്ങ് വരെ അധികവില ഈടാക്കിയിരുന്നു. കൊറോണവൈറസ് വ്യാപനം ജനങ്ങളെ പരിഭ്രാന്തരാക്കിയതിനെ തുടര്‍ന്ന് ഹാന്‍ഡ് വാഷുകളും സാനിറ്റൈസറുകളും ആവശ്യത്തിലധികം വാങ്ങി സൂക്ഷിക്കുകയാണ് പലരും. ആവശ്യം വര്‍ധിച്ചത് മുതലെടുത്ത് അണുനശീകരണ ഉല്‍പന്നങ്ങളുടെ വില വ്യാപാരികള്‍ കുത്തനെ വര്‍ധിപ്പിച്ചതായി വ്യാപക പരാതിയുണ്ട്.

പ്രധാനമന്ത്രിയുടെ ഞായറാഴ്ചത്തെ കര്‍ഫ്യൂ നിര്‍ദേശം പാലിക്കണമെന്നും പസ്വാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. കൊറോണബാധിതരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തരനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ കരുതല്‍ നടപടിയെന്ന നിലയില്‍ അന്താരാഷ്ട്രവിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങള്‍ പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.