Monday, 28th April 2025
April 28, 2025

നിയന്ത്രണങ്ങള്‍ വിപുലമാക്കുന്നു; തിരുവനന്തപുരം മൃഗശാലയും മ്യൂസിയവും അടച്ചിടും

  • March 12, 2020 9:00 pm

  • 0

തിരുവനന്തപുരം: കോവിഡ്‌ 19 പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. പൊതുപരിപാടികള്‍, ഉത്സവങ്ങള്‍ തുടങ്ങി ജനക്കൂട്ടം കൂടുതലായി എത്തുന്ന പരിപാടികള്‍ എല്ലാം മാറ്റിവെയ്ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം. ഇത് കണക്കിലെടുത്ത് മാര്‍ച്ച്‌ 31 വരെ തിരുവനന്തപുരത്തെ മൃഗശാലയും മ്യൂസിയവും അടയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.

കഴിഞ്ഞ ദിവസം മുതല്‍ നെയ്യാര്‍ ഡാമില്‍ സന്ദര്‍ശകര്‍ക്ക് അനിശ്ചിതകാലത്തേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തിരുവനന്തപുരത്തെ കോടതികളില്‍ ജനക്കൂട്ടം ഒഴിവാക്കണമെന്ന് കാട്ടി സര്‍ക്കുലറും ഇറങ്ങിയിട്ടുണ്ട്അടിയന്തരപ്രാധാന്യമുളള കേസുകള്‍ മാത്രമേ ഈ ആഴ്ച പരിഗണിക്കൂ. കേസുകളുടെ ഭാഗമായി കോടതിയില്‍ എത്തുന്ന അഭിഭാഷകര്‍ മാസ്‌ക് ധരിക്കണം. ഈ മാസം 13 വരെ തടവുപുളളികളെ കോടതിയില്‍ ഹാജരാക്കേണ്ടതില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.

ജനം കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് ഉല്‍സവങ്ങള്‍ക്കും പൊതു പരിപാടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരിപാടികള്‍ക്ക് മൈക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കില്ല. സ്‌കൂളുകള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പു വരുത്താനും സര്‍ക്കാര്‍ കലക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Dailyhunt