Monday, 28th April 2025
April 28, 2025

ഗജരത്നം ഗുരുവായൂര്‍ പദ്മനാഭന്റെ ചിതാഭസ്മം പഞ്ചവടിയില്‍ കടലില്‍ ഒഴുക്കി

  • March 5, 2020 5:30 pm

  • 0

ഗുരുവായൂര്‍ : ഗജരത്നം ഗുരുവായൂര്‍ പദ്മനാഭന്റെ ചിതാഭസ്മം ചാവക്കാട് പഞ്ചവടി കടലില്‍ ഒഴുക്കി. ബലിതര്‍പ്പണത്തിന് പേരുകേട്ട പഞ്ചവടി കടപ്പുറത്ത് ആദ്യമായാണ് ഒരാനയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു. ഒരു വ്യക്തിയ്ക്കായി എങ്ങനെയാണോ കര്‍മങ്ങളും മന്ത്രജപങ്ങളും നടത്തുന്നത്‌ അതേ രീതിയില്‍ത്തന്നെയായിരുന്നു പദ്മനാഭന്റെ ബലികര്‍മങ്ങളും നടത്തിയത്.

വ്യാഴാഴ്ച രാവിലെ ഏഴിനായിരുന്നു പഞ്ചവടിയില്‍ പദ്മനാഭന്റെ ചിതാഭസ്മം കൊണ്ടുവന്നത്. പട്ടില്‍ പൊതിഞ്ഞ് മൂന്നു കുടങ്ങളിലാക്കിയുള്ള ചിതാഭസ്മവുമായി ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബിമോഹന്‍ദാസ്, ആനക്കോട്ട ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ശശിധരന്‍, പദ്മനാഭന്റെ ചട്ടക്കാരന്‍ സന്തോഷ് എന്നിവര്‍ കടലിലിറങ്ങി.

ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് മുഖ്യകര്‍മി ഉത്തമന്‍ ശാന്തി നേതൃത്വം നല്‍കി.സായൂജ്യ മന്ത്രങ്ങളും ശിവമന്ത്രാക്ഷരിയും ചൊല്ലി. ആനക്കോട്ട മാനേജരും ആധ്യാത്മിക പ്രഭാഷകനുമായ ആചാര്യ ഹരിദാസ് അന്നമനട ഭാഗവതത്തിലെ 12-ാം ആധ്യായവും ലളിതാസഹസ്രനാമവും പദ്മനാഭനെ സ്മരിച്ച്‌ തീരത്തിരുന്ന് ചൊല്ലി.

ബുധനാഴ്ച അനുസ്മരണവേദിയിലെ പൊതുദര്‍ശനത്തിനുശേഷം ചിതാഭസ്മം ആനക്കോട്ടയിലെത്തിച്ചു. വ്യാഴാഴ്ച രാവിലെ ആറിനാണ് പഞ്ചവടിയിലേക്ക് കൊണ്ടുപോയത്. ചടങ്ങിനുശേഷം പദ്മനാഭന്റെ കെട്ടുതറിയില്‍ തിരിച്ചെത്തി പ്രാര്‍ഥന നടത്തി.