Monday, 28th April 2025
April 28, 2025

കെ.എസ്‌.ആര്‍.ടി.സി മിന്നല്‍ പണിമുടക്ക്: കര്‍ശന നടപടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • March 5, 2020 11:29 am

  • 0

തിരുവനന്തപുരംകെഎസ്‌ആര്‍ടിസി മിന്നല്‍ പണിമുടക്കിനിടയില്‍ തിരുവനന്തപുരത്ത് യാത്രക്കാരന്‍ കടകംപള്ളി സ്വദേശി സുരേന്ദ്രന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ സമരക്കാര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മരണപ്പെട്ട സുരേന്ദ്രന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് ജനങ്ങള്‍ക്കെതിരായ യുദ്ധമായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സമരം ചെയ്യാന്‍ തൊഴിലാളികള്‍ക്ക് അവകാശമുണ്ട്. എന്നാല്‍, ഇന്നലെ നടത്തിയ സമരത്തിന് യാതൊരു ന്യായീകരണവുമുണ്ടായിരുന്നില്ല. സമരത്തിന്റെ പേരില്‍ അക്രമമാണ് അവര്‍ നടത്തിയത്. സമരക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുംസമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടിരുന്നു.

എന്നാല്‍, ബസ്സുകള്‍ തലങ്ങും വിലങ്ങുമിട്ടതിനാലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. സിഐടിയു തൊഴിലാളികള്‍ മറ്റൊരു സമരത്തിലായതിനാല്‍ സംഭവസ്ഥലത്തുണ്ടായിരുന്നില്ല. എങ്കില്‍ ബസ്സുകള്‍ അവിടെനിന്ന് മാറ്റാന്‍ കഴിയുമായിരുന്നു. മരണപ്പെട്ട സുരേന്ദ്രന്റെ കുടുംബം വളരെ ബുദ്ധിമുട്ടിയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നത്. സ്വന്തമായി വീടില്ല. വീട് പണയപ്പെടുത്തിയാണ് സുരേന്ദ്രന്റെ ചികില്‍സ നടത്തിയിരുന്നത്. അദ്ദേഹത്തിന് മരുന്ന് വാങ്ങാനായി പ്രതിമാസം 5,000 രൂപ ചെലവായിരുന്നു. മരുന്ന് വാങ്ങാനുള്ള യാത്രയ്ക്കിടെയാണ് പണിമുടക്കും മരണവുമുണ്ടാവുന്നത്. സുരേന്ദ്രന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കും. മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ആലോചിച്ച്‌ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കെഎസ്‌ആര്‍ടിസി പണിമുടക്കില്‍ പോലിസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ കലക്ടര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി. സുരേന്ദ്രന് ചികില്‍സ നല്‍കുന്നതില്‍ കാലതാമസമുണ്ടായിട്ടില്ല. കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ച്‌ ഏഴുമിനിറ്റിനുള്ളില്‍ സുരേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്‌ആര്‍ടിസി പണിമുടക്കിനെത്തുടര്‍ന്ന് ഗതാഗതക്കുരുക്കും ക്രമസമാധാനപ്രശ്‌നവുമുണ്ടായപ്പോഴാണ് വിഷയത്തില്‍ പോലിസ് ഇടപെട്ടത്. ജീവനക്കാര്‍ പോലിസിനെ കൈയേറ്റം ചെയ്തു. അപ്പോഴാണ് ജീവനക്കാരെ പോലിസ് കസ്റ്റഡിയിലെടുത്തതെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

ജില്ലാ കലക്ടര്‍ ഇന്ന് ഗതാഗതമന്ത്രിക്ക് ഇതുസംബന്ധിച്ച്‌ റിപോര്‍ട്ട് നല്‍കും. മരിച്ച സുരേന്ദ്രന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കും. മിന്നല്‍പണിമുടക്കുമായി ബന്ധപ്പെട്ടുള്ള കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാലുടനെ വിഷയവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കുമെന്ന് ഗതാഗതമന്ത്രി ശശീന്ദ്രന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ പോലിസിന്റെ റിപോര്‍ട്ട് കൂടി തേടിയിട്ടുണ്ട്. രണ്ടുറിപോര്‍ട്ടുകളും ലഭിച്ചതിന് ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് നടപടികളിലേക്ക് കടക്കുക. മിന്നല്‍ പണിമുടക്കിനിടയില്‍ കുഴഞ്ഞു വീണ മരിച്ച യാത്രക്കാരനായ സുരേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.