
ആറ്റുകാല്‍ പൊങ്കാല ഹരിത പൊങ്കാലയാക്കാന്‍ നഗരസഭ ബോധവത്ക്കരണത്തിന് ഗ്രീന്‍ ആര്‍മിയും
February 28, 2020 2:00 pm
0
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല സമ്ബൂര്‍ണ്ണമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് നടപ്പാക്കുന്നതിനുള്ള നടപടികളുമായി നഗരസഭ. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ പൊങ്കാല ഉത്സവത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കിയതിന്റെ ഭാഗമായി മാലിന്യത്തിന്റെ അളവ് 350 ടണ്ണില്‍ നിന്ന് 67 ടണ്ണായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. നഗരസഭയും ഹരിതകേരളമിഷനും ശുചിത്വമിഷനും സംയുക്തമായി നടത്തിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. നഗരസഭയുടെ ഗ്രീന്‍ ആര്‍മിയാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ക്ഷേത്ര പരിസരത്തുള്ള വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, പൊങ്കാലയോടനുബന്ധിച്ച് അന്നദാനം, കുടിവെള്ളവിതരണം നടത്തുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരെ നേരിട്ട് കണ്ട് ഗ്രീന്‍ ആര്‍മി പ്രവര്‍ത്തകര്‍ ഹരിത പൊങ്കാലയുടെ സന്ദേശം കൈമാറി ബോധവത്ക്കരണം നടത്തും.
പൊങ്കാലയ്ക്കായി വരുന്ന ഭക്തജനങ്ങള്‍ ഭക്ഷണം കഴിക്കുന്നതിലേയ്ക്കായി സ്റ്റീല്‍ പാത്രവും ഗ്ലാസ്സും ഒപ്പം കരുതേണ്ടതാണെന്ന് നഗരസഭ അറിയിച്ചു.അന്നദാനവും കുടിവെള്ള വിതരണവും നടത്തുന്നവര്‍ ഭക്തജനങ്ങള്‍ കൊണ്ടുവരുന്ന പാത്രങ്ങളില്‍മാത്രം അവ വിതരണം ചെയ്യേണ്ടതാണ്.
അവശ്യസാഹചര്യങ്ങളില് ഉപയോഗിക്കുന്നതിനായി സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും അന്നദാനം, കുടിവെള്ളവിതരണം നടത്തുന്നവര്‍ കരുതിവയ്‌ക്കേണ്ടതാണ്. നഗരസഭാ ശുചിത്വ പരിപാലന സമിതി മുഖേന പതിനായിരം സ്റ്റീല്‍ഗ്ലാസുകളും 2500 സ്റ്റീല്‍ പാത്രങ്ങളും കുറഞ്ഞ നിരക്കില്‍വാടകയ്ക്ക് നല്‍കുന്നതിനായി ക്രമീകരിച്ചിട്ടുണ്ട്. ഏറ്റവും മികച്ച രീതിയില്‍ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് അന്നദാനം, കുടിവെള്ളവിതരണം നടത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും മുന്‍വര്‍ഷങ്ങളിലേതുപോലെ ഇത്തവണയും അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും നഗരസഭ അറിയിച്ചു.
ഹരിത പൊങ്കാലയില്‍ നിന്ന് ഹരിത ഭവനങ്ങള്‍ എന്ന സന്ദേശം നല്‍കി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി പൊങ്കാലയ്ക്ക് ഉപയോഗിച്ച ഇഷ്ടികകള്‍ ശേഖരിച്ച് 23 നഗരസഭ, സര്‍ക്കാര്‍ ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നു. ഇത്തവണയും പൊങ്കാലയ്ക്ക് ശേഷം ഇഷ്ടികകള്‍ ശേഖരിക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇഷ്ടികകള്‍ ആവശ്യമുള്ള ഭവനപദ്ധതി ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട വാര്‍ഡ് കൗണ്‍സിലറുടെ ശുപാര്‍ശയോടെ മേയറുടെ ഓഫീസില് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ശേഖരിക്കപ്പെടുന്ന ഇഷ്ടികകളില്‍ നിന്ന് അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ഇഷ്ടികകള്‍ അനുവദിക്കുന്നതാണെന്നും നഗരസഭ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മേയര്‍ കെ.ശ്രീകുമാര്‍
പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് അന്നദാനം, കുടിവെള്ളവിതരണം നടത്തുന്ന വ്യക്തികളും സംഘടനകളും നഗരസഭയില്‍ðരജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന്് മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു. പൊങ്കാല ഉത്സവമേഖലയ്ക്ക് പുറത്ത് നിന്ന് ഭക്ഷണം, കുടിവെള്ളം തയ്യാറാക്കി നഗരസഭാ പരിധിയ്ക്കുള്ളിലേയ്ക്ക് വാഹനത്തില്‍ðകൊണ്ടുവന്ന് വിതരണം ചെയ്യുന്നവരും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മേഖലയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന് നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മേയര്‍ അറിയിച്ചു.
ഡിസ്‌പോസിബിളുകളുടെ ഉപയോഗം പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടി സ്മാര്‍ട്ട് ട്രിവാന്‍ഡ്രം മൊബൈല്‍ ആപ്പില്‍സൗകര്യം ഒരുക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സ്മാര്‍ട്ട് ട്രിവാന്‍ഡ്രം ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആറ്റുകാല്‍ പൊങ്കാല ഗ്രീന്‍ പ്രോട്ടോക്കോള്‍, ഇഷ്ടികശേഖരണം എന്നീ പ്രവൃത്തികളില്‍ðനഗരസഭാ ഗ്രീന്‍ ആര്‍മിയോടൊപ്പം ചേര്‍ന്ന് സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് താല്പര്യമുള്ള വോളന്റിയര്‍മാര്‍ സ്മാര്‍ട്ട് ട്രിവാന്‍ഡ്രം മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും മേയര്‍ അറിയിച്ചു.
ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
ലക്ഷകണക്കിന് ഭക്തര്‍ കാത്തിരിക്കുന്ന ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി ഹരിതചട്ടം കൂടുതല്‍ കര്‍ശനമാക്കിയാണ് പൊങ്കാല നടത്തിപ്പ്. ഉത്സവ ഒരുക്കങ്ങള്‍ 90 ശതമാനം പൂര്‍ത്തിയായതായി ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ നാലുയോഗങ്ങളാണ് നടന്നത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ കെ. ശ്രീകുമാര്‍, ജില്ലാകലക്ടര്‍, പൊലീസ്, റെയില്‍വേ, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അവസാനഘട്ട ക്രമീകരണങ്ങള്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ അടുത്ത ദിവസം ചേരുന്ന യോഗം വിലയിരുത്തും. പൊതുമരാമത്ത്, വൈദ്യുതി, ജലസേചന, ഗതാഗത വകുപ്പുകളുടെയും നഗരസഭയുടെയും ക്രമീകരണങ്ങള്‍ അവസാന ഘട്ടത്തിലാണ്. മാര്‍ച്ച് ഒന്നിന് രാവിലെ 9.30ന് കാപ്പുകെട്ടി കുടിയിരുത്തലോടെയാണ് ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവത്തിന് തുടക്കമാകുന്നത്. വൈകിട്ട് 6.30ന് കലാപരിപാടികള്‍ ചലച്ചിത്ര താരം അനു സിത്താര ഉദ്ഘാടനം ചെയ്യും. ആറ്റുകാല്‍ അംബാ പുരസ്‌കാരം ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്ബിക്ക് സമ്മാനിക്കും.
പൊങ്കാല ദിനമായ ഒമ്ബതിന് നടക്കുന്ന കുത്തിയോട്ടത്തിന് 28 വരെ രജിസ്റ്റര്‍ ചെയ്യാം. ഇതുവരെ 800 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. പൊതുവഴികളില്‍ ഗതാഗത തടസ്സം സൃഷ്ടിക്കും വിധവും നടപ്പാതയില്‍ പാകിയിരിക്കുന്ന ടൈലുകള്‍ക്ക് മുകളിലും പൊങ്കാല ഇടരുത്. ആഹാരവും കുടിവെള്ളവും നല്‍കുന്ന സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും പൊലീസിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും അനുമതി വാങ്ങണം. അംബ, അംബിക, അംബാലിക കലാപരിപാടികള്‍ അരങ്ങേറും. എല്ലാ ദിവസവും തോറ്റം പാട്ടുണ്ടാകും. പത്തിന് രാത്രി കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.