Monday, 28th April 2025
April 28, 2025

3.21 കോടിയുടെ നിരീക്ഷണ സംവിധാനം ടെന്‍ഡറില്ലാതെ കെല്‍ട്രോണിന്

  • February 27, 2020 5:00 pm

  • 0

തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിരീക്ഷണ സംവിധാനം സ്ഥാപിക്കാന്‍ ടെന്‍ഡര്‍ നിയമങ്ങള്‍ പാലിക്കാതെ 3.21 കോടി രൂപ കെല്‍ട്രോണിന് നല്‍കിയ നടപടി ഡിജിപിയുടെ അഭ്യര്‍ത്ഥന പ്രകാരം സര്‍ക്കാര്‍ സാധൂകരിച്ചു. തേക്കടി, വൈത്തിരി, പൊന്മുടി, മൂന്നാര്‍, കുമരകം എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് നിയമങ്ങള്‍ പാലിക്കാതെ നിരീക്ഷണ സംവിധാനം സ്ഥാപിക്കാന്‍ പോലീസ് തീരുമാനിച്ചത്. ഇലക്‌ട്രോണിക്സ് സുരക്ഷാ നിരീക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴു വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. 3.50 ലക്ഷമാണ് പോലീസിന് അനുവദിച്ചത്.

രണ്ടു തവണ ടെന്‍ഡര്‍ വിളിച്ചിട്ടും ആവശ്യത്തിന് ബിഡര്‍മാര്‍ ഇല്ലാത്തതിനാല്‍ 7 കേന്ദ്രങ്ങള്‍ 5 ആയി ചുരുക്കിയെന്ന് പോലീസ് ആഭ്യന്തര വകുപ്പിനെ അറിയിച്ചു. 5 വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ 3.21 കോടിക്ക് പദ്ധതി നടപ്പിലാക്കാനാണ് തീരുമാനിച്ചത്. തേക്കടി (64 ലക്ഷം), വൈത്തിരി (64 ലക്ഷം), മൂന്നാര്‍ (64 ലക്ഷം), പൊന്മുടി (65 ലക്ഷം), കുമരകം (64 ലക്ഷം) എന്നിങ്ങനെ തുക നീക്കി വെച്ചു. ടെന്‍ഡറില്ലാതെ പദ്ധതി കെല്‍ട്രോണിന് നല്‍കി. സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് കെല്‍ട്രോണ്‍ പദ്ധതി നിര്‍ദ്ദേശം നല്‍കിയത്.

ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ കെല്‍ട്രോണിന് കരാര്‍ നല്‍കിയ നടപടി സാധൂകരിക്കണമെന്ന് 2016- ല്‍ മൂന്നു തവണയും 2017-ല്‍ രണ്ടു തവണയും ഡിജിപി കത്തിലൂടെ ആഭ്യന്തര വകുപ്പിനോട് അഭ്യര്‍ത്ഥിച്ചു. ഡിജിപിയുടെ നിരന്തരമായ അഭ്യര്‍ത്ഥനയ്‌ക്കൊടുവില്‍ 2018 ജനുവരി 10- ന് നടപടികള്‍ ആഭ്യന്തര വകുപ്പ് സാധൂകരിക്കുകയായിരുന്നു.