
കുട്ടനാട് സീറ്റ്; എന്‍.സി.പിയില്‍ മലക്കം മറിച്ചില്‍
February 27, 2020 1:00 pm
0
തിരുവനന്തപുരം: കുട്ടനാട് സീറ്റിന്റെ പേരില്‍ എന്‍.സി.പിയില്‍ നടക്കുന്ന പിടിവലിയിക്കിടെ നേതാക്കളുടെ മലക്കം മറിച്ചില്‍. സീറ്റ് തരപ്പെടുത്താനായി രംഗത്തുള്ള തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. തോമസിനൊപ്പം മന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചതാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഇതോടെ തോമസ് കെ തോമസിനായി രംഗത്തുണ്ടായിരുന്ന സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്ററും മാണി സി. കാപ്പന്‍ എം.എല്‍.എയും ഇടഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ സ്ഥാനാര്‍ഥി വേണമെന്ന നിലപാടിലേക്ക് കളംമാറ്റി.
തോമസ് കെ. തോമസിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന നിലപാടായിരുന്നു എ.കെ. ശശീന്ദ്രന് നേരത്തേ എടുത്തിരുന്നത്. പീതാംബരന്‍ മാസ്റ്ററും മാണി സി. കാപ്പനും തോമസ് കെ തോമസിനെ അനുകൂലിച്ചുമാണ് രംഗത്തുണ്ടായിരുന്നത്. എന്നാല്‍, ഇരുവര്‍ക്കും സി.പി.എമ്മിന്റെ പിന്തുണ നേടിയെടുക്കാന്‍ കഴിയാതിരുന്നതോടെയാണ് തോമസ് കെ തോമസ് മുഖ്യമന്ത്രിയുമായി അടുപ്പമുള്ള മന്ത്രി എ.കെ. ശശീന്ദ്രന്റെ പിന്തുണ തേടിയത്. മാത്രമല്ല താന്‍ വിജയിച്ചാല്‍ ശശീന്ദ്രന് മന്ത്രി സ്ഥാനത്ത് തുടരാന്‍ തന്റെ പിന്തുണ ഉണ്ടാകുമെന്നും തോമസ് അദ്ദേഹത്തെ ധരിപ്പിച്ചു. തോമസ് വിജയിച്ചു വന്നാല്‍ എന്‍.സി.പി എംഎല്‍എമാരുടെ എണ്ണം മൂന്നാവുകയും അതില്‍ രണ്ടുപേരുടെ പിന്തുണ ശശീന്ദ്രന് ലഭിക്കുകയും ചെയ്യും.
ഇതുവഴി മാണി സി. കാപ്പന്റെ മന്ത്രി സ്ഥാനത്തിനായുള്ള നീക്കത്തിന് തടയിടാന്‍ കഴിയുമെന്നാണ് ശശീന്ദ്രന്റെ കണക്കു കൂട്ടല്‍. അതേസമയം, പാര്‍ട്ടിയിലെ ഭൂരിപക്ഷവും പാര്‍ട്ടിക്കാരന്‍ തന്നെ സ്ഥാനാര്‍ഥിയാകണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നാണ് സൂചന. പാര്‍ട്ടിയില്‍ സീറ്റ് വില്‍പ്പന അംഗീകരിക്കില്ലെന്നാണ് ഇവരുടെ നിലപാട്. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം പി മാത്യു, ദേശീയ സെക്രട്ടറി കെ.ജെ. ജോസ്‌മോന്‍ എന്നിവരുടെ സ്ഥാനാര്‍ത്ഥി സാധ്യത വര്‍ധിച്ചു. കുട്ടനാട്ടില്‍ ഭൂരിപക്ഷമുള്ള റോമന്‍ കത്തോലിക്കാ വിഭാഗത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ തീരുമാനിച്ചാല്‍ കെ.ജെ. ജോസ്മോനായിരിക്കും സാധ്യത. സി.എസ്.ഐ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് സലിം പി. മാത്യു. തോമസ് ചാണ്ടിയുമായി ഏറ്റവും അടുപ്പം കാത്തുസൂക്ഷിച്ചിരുന്ന നേതാവും സലിം പി. മാത്യുവാണ് കളം മാറ്റവും മലക്കം മറിച്ചിലുകള്‍ക്കും ഒടുവില്‍.