Monday, 28th April 2025
April 28, 2025

കൂടത്തായി കൊലപാതക പരമ്ബര: മുഖ്യപ്രതി ജോളി കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു

  • February 27, 2020 11:00 am

  • 0

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബര കേസിലെ പ്രതി ജോളി ജയിലില്‍ കൈഞരമ്ബ് മുറിക്കാന്‍ ഉപയോഗിച്ച വസ്തുവിനെ സംബന്ധിച്ച്‌ അവ്യക്തത തുടരുന്നു. പല്ലുകൊണ്ട് കൈയിലെ ഞരമ്ബ് കടിച്ച്‌ മുറിച്ച്‌ ടൈലില്‍ ഉരച്ച്‌ വലുതാക്കിയെന്ന് ജോളി പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഇത് പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയാണ് പോലീസ് ജോളിയുടെ മൊഴിയെടുത്തത്.

ജയില്‍ അധികൃതര്‍ ജോളിയുടെ സെല്ലില്‍ കൂടുതല്‍ പരിശോധന നടത്തി. എന്നാല്‍ മുറിവുണ്ടാക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ ഒന്നും സെല്ലില്‍ നിന്ന് കണ്ടെത്താനായില്ല. ആത്മഹത്യ പ്രവണത കാണിച്ചിരുന്ന ജോളിയുടെ സുരക്ഷയെ മുന്‍ നിര്‍ത്തി മറ്റ് മൂന്ന് പേര്‍ക്ക് ഒപ്പമാണ് സെല്ലില്‍ ജോളിയെ പാര്‍പ്പിച്ചിരുന്നത്.

കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച ജോളിയെ ഇന്ന രാവിലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ജില്ലാ ആശുപത്രിയിലേക്കാണ് ആദ്യം ജോളിയെ എത്തിച്ചത്. അവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവരുടെ ആരോഗ്യ നിലയില്‍ ആശങ്കകളില്ലെന്നാണ് വിവരം.

പുലര്‍ച്ചെയാണ് രക്തം വാര്‍ന്ന നിലയില്‍ ജോളിയെ കണ്ടെത്തിയത്. ജയില്‍ അധികൃതര്‍ തന്നെ അവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.