വിവാഹ വാഗ്ദാനം നല്കി ജീവനക്കാരിയെ പീഡിപ്പിച്ചു; സ്ഥാപന ഉടമ അറസ്റ്റില്‍
February 26, 2020 7:00 pm
0
മൂവാറ്റുപുഴ : വിവാഹ വാഗ്ദാനം നല്കി ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ സ്ഥാപന ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. പിഒ ജംഗ്ഷനിലെ അലീനാസ് ട്രാവല്‍ ഏജന്‍സി ഉടമ പേഴയ്ക്കാപ്പിള്ളി-പള്ളിപ്പടി കുളക്കാടന്‍കുഴിയില്‍ അലി (49)ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. വിവാഹ വാഗ്ദാനം നല്കി ഒന്നര വര്‍ഷത്തോളം അലി വാഗമണ്‍, ഗോവ, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി.
വിവാഹം ചെയ്യണമെങ്കില്‍ മതം മാറാന്‍ ആവശ്യപ്പെട്ടതായും യുവതിയുടെ പരാതിയില്‍ പറയുന്നു. ഇയാള്‍ ജീവനക്കാരിക്ക് സാന്പത്തിക സഹായം ഉറപ്പ് നല്‍കുകയും അവരുടെ സഹോദരിക്ക് വിദേശ ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ജോലി ഉപേക്ഷിച്ചു പോയ യുവതിയെ ഇയാള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതോടെ കാഞ്ഞാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കാഞ്ഞാര്‍ പോലീസ് കേസ് മുവാറ്റുപുഴ പോലീസിന് കൈമാറുകയായിരുന്നു. കേസ് അന്വേഷിക്കുന്നതിനിടെ ഒളിവില്‍ താമസിച്ചു വരികയായിരുന്ന പ്രതിയെ കീഴില്ലത്തു നിന്ന് ഇന്നലെ ഉച്ചയോടെ പോലീസ് അറസ്റ്റ് ചെയ്തു.