Monday, 28th April 2025
April 28, 2025

ലീഡറോട് ‘നോ’ പറയാത്ത ശങ്കരന്‍ വക്കീല്‍

  • February 26, 2020 3:00 pm

  • 0

തിരുവനന്തപുരം: കെ കരുണാകരന്റെ കോഴിക്കോട്ടെ നാവായിരുന്നു ശങ്കരന്‍ വക്കീല്‍. ലീഡര്‍ ആവശ്യപ്പെട്ടപ്പോള്‍ പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും മത്സരിച്ചു.

മന്ത്രിസ്ഥാനവും നിയമസഭാംഗത്വവും രാജിവയ്ക്കാന്‍ പറഞ്ഞപ്പോഴും അനുസരണയുള്ള അനുയായിയായി. ശങ്കരന്‍ വക്കീലിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളിലെല്ലാം കരുണാകരന്റെ കരസ്പര്‍ശമുണ്ടായിരുന്നു.

വിമര്‍ശനങ്ങളെയും രാഷ്ട്രീയ പ്രതിയോഗികളെയും ചിരിയോടെ നേരിട്ട അഡ്വ. പി ശങ്കരന്‍ കോഴിക്കോട്ടുകാര്‍ക്ക് ശങ്കരന്‍ വക്കീലായിരുന്നു. ഡിസിസി പ്രസിഡന്റായിരിക്കെയാണ് 1998ല്‍ വീരേന്ദ്രകുമാറിനെതിരെ മത്സരിക്കാനിറങ്ങിയത്. കേന്ദ്രമന്ത്രിയായിരുന്ന വീരേന്ദ്രകുമാറിനെ നേരിടാന്‍ കരുണാകരനാണ് ശങ്കരനെ നിയോഗിച്ചത്മുമ്ബ് ബാലുശേരിയില്‍നിന്ന് എ സി ഷണ്‍മുഖദാസിനോട് മത്സരിച്ചത് മാത്രമായിരുന്നു തെരഞ്ഞെടുപ്പ് വേദിയിലെ മുന്‍പരിചയം. ലീഡറുടെ അനുഗ്രഹാശിസുകളോടെ കളത്തിലിറങ്ങിയ ശങ്കരന്‍ ജയം കണ്ടു. 2001ല്‍ കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിലും ജയം ആവര്‍ത്തിച്ചതോടെ ജില്ലാ കോണ്‍ഗ്രസില്‍ അതികായനായി വളര്‍ന്നു.

2001ല്‍ ആരോഗ്യ മന്ത്രിയായിരിക്കെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് കലാപത്തിന്റെ ഒരു ഭാഗത്ത് പി ശങ്കരനും കരുണാകരനൊപ്പം നിലയുറപ്പിച്ചു. 2005ല്‍ കരുണാകരനു വേണ്ടി നിയമസഭാംഗത്വം രാജിവച്ച്‌ പുറത്തിറങ്ങിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം ശങ്കരനുമുണ്ടായിരുന്നു. കോണ്‍ഗ്രസ് വിട്ട് ഡിഐസിയില്‍ ചേര്‍ന്നു. അടുത്തവര്‍ഷം യുഡിഎഫിനൊപ്പം ഡിഐസി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും സിപിഐ എമ്മിലെ പി വിശ്വനോട് പരാജയപ്പെട്ടു. അതിവേഗം വളര്‍ന്നുവന്ന ആ രാഷ്ട്രീയ ഗ്രാഫ് പിന്നീട് കാര്യമായി ഉയര്‍ന്നില്ല. കെ സാദിരിക്കോയ കര്‍മശ്രേഷ്ഠ പുരസ്‌കാരം സ്വീകരിക്കാന്‍ കഴിഞ്ഞ ഡിസംബറിലാണ് ഒടുവില്‍ പൊതുവേദിയിലെത്തിയത്.