Monday, 28th April 2025
April 28, 2025

കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും

  • February 26, 2020 1:00 pm

  • 0

തിരുവനന്തപുരം: കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച്‌ യുഡിഎഫില്‍ പ്രാഥമിക ധാരണ. ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയശേഷം പ്രഖ്യാപനം ഉണ്ടായേക്കും. പാര്‍ട്ടി രണ്ടായി നില്‍ക്കുന്നത് ദോഷകരമായി ബാധിക്കുമെന്ന് കേരള കോണ്‍ഗ്രസിനെ ബോദ്ധ്യപ്പെടുത്താന്‍ യുഡിഎഫ് ഏകോപന സമിതി യോഗത്തില്‍ നടന്ന ചര്‍ച്ചകളില്‍ തീരുമാനമായി. കുട്ടനാട് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് മറ്റൊരു സീറ്റ് നല്‍കാനാണ് ആലോചന.

കുട്ടനാട് സീറ്റ് അടക്കമുള്ള കാര്യങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹാരം കാണുമെന്ന് യോഗത്തിനുശേഷം രമേശ് ചെന്നിത്തല പറഞ്ഞു. ഐക്യം ഉറപ്പിക്കാനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്നു മുതല്‍ ആരംഭിക്കുംപ്രശ്‌നങ്ങളുണ്ടെങ്കില്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കും. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും ചെന്നിത്തല പറഞ്ഞു. ജനാധിപത്യ പാര്‍ട്ടികളാകുമ്ബോള്‍ യുഡിഎഫില്‍ ആര്‍ക്കും അഭിപ്രായം പറയാം. കുട്ടനാട് കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റാണ്. കഴിഞ്ഞ കാലങ്ങളില്‍ അവരാണ് മത്സരിച്ചത്. കുട്ടനാടിനെ സംബന്ധിച്ച്‌ ഒരു തര്‍ക്കവും ഇല്ലെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ഏപ്രില്‍ രണ്ടിന് യുഡിഎഫ് സെക്രട്ടേറിയറ്റ് വളയും. പഞ്ചായത്തുകളില്‍ വികസന പ്രവര്‍ത്തനം നടക്കാത്തതിനെതിരെ പഞ്ചായത്ത് മെംബര്‍മാരെ പങ്കെടുപ്പിച്ച്‌ മാര്‍ച്ച്‌ 19ന് ജില്ലാ ട്രഷറികളിലേക്ക് ധര്‍ണ നടത്താനും തീരുമാനിച്ചു. സെക്രട്ടേറിയറ്റ് വളയല്‍ പരിപാടിയുടെ പ്രചരണാര്‍ഥം മാര്‍ച്ച്‌ 16ന് സായാഹ്ന ധര്‍ണ നടത്തും. അഴിമതിയും ധൂര്‍ത്തും നിയന്ത്രിക്കാന്‍ കഴിയാതെ സാമ്ബത്തിക രംഗത്ത് അരാജകത്വം നിലനില്‍ക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. സംസ്ഥാന വികസനം സ്തംഭിച്ചു. ജനങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത നിലയിലേക്ക് സര്‍ക്കാര്‍ എത്തി.

സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോട് യുഡിഎഫിന് യോജിപ്പാണ്. എന്നാല്‍ സെന്‍സസും എന്‍പിആറും കൂട്ടികുഴക്കുന്നതിനോട് യോജിപ്പില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം. ആഭ്യന്തരവകുപ്പിലെ അഴിമതിക്കെതിരെ മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. പൊലീസിലെ അഴിമതിക്കെതിരെ ശക്തമായ സമരം നടത്താനും യോഗം തീരുമാനിച്ചതായി ചെന്നിത്തല പറഞ്ഞു.