Monday, 28th April 2025
April 28, 2025

വാഹനവുമായി ബന്ധപ്പെട്ട ഇടപാടെല്ലാം പരിവാഹനനില്‍; മോട്ടോര്‍വാഹനവകുപ്പ് ഇനി കടലാസ് രഹിതം

  • February 24, 2020 7:00 pm

  • 0

മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകള്‍ പൂര്‍ണമായി കടലാസ് രഹിതമാകുന്നു. വെബ് അധിഷ്ഠിത സോഫ്റ്റ്വേറായ പരിവാഹനിലേക്ക് വകുപ്പിന്റെ നടപടിക്രമങ്ങളെല്ലാം മാറിയ സാഹചര്യത്തിലാണിത്. ഓഫീസുകളില്‍ കുമിഞ്ഞു കൂടിയ കാലാവധി കഴിഞ്ഞ ഫയലുകള്‍ നശിപ്പിക്കും.

വാഹന രജിസ്ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, ഉടമസ്ഥാവകാശം മാറ്റല്‍ തുടങ്ങിയവയ്‌ക്കൊന്നും ആര്‍.ടി.ഓഫീസുകളില്‍ കടലാസിലുള്ള അപേക്ഷകള്‍ ആവശ്യപ്പെടരുതെന്ന് സംസ്ഥാന ഗതാഗത കമ്മിഷണര്‍ നിര്‍ദേശം നല്‍കി. 1961-ലെ ചട്ടത്തില്‍ ഫയലുകളും റെക്കോഡുകളും സൂക്ഷിക്കേണ്ട കാലയളവ് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇതില്‍ കാലോചിതമായ മാറ്റം വരുത്താനും കമ്മിഷണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു

ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിനും വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുമുള്ള രേഖകളും അപേക്ഷകളും സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യുകയോ ഓണ്‍ലൈനില്‍ വെരിഫൈ ചെയ്യുകയോ ആണ് പരിവാഹനില്‍. പുതുതായി ഡ്രൈവിങ് ലൈസന്‍സിനോ വാഹന രജിസ്ട്രേഷനോ അപേക്ഷിക്കുമ്ബോള്‍ തയ്യാറാക്കുന്ന കടലാസ് ഫയല്‍ ഇനി ഉടമയ്ക്ക് കൈമാറും. ഡിജിറ്റല്‍ ഫയല്‍ മാത്രമേ ഓഫീസില്‍ സൂക്ഷിക്കേണ്ടതുള്ളൂ.

പുതിയ ലൈസന്‍സിനോ അധിക ക്ലാസ്‌കൂടി ചേര്‍ക്കുന്നതിനോവേണ്ടിയുള്ള അപേക്ഷകളില്‍ ടെസ്റ്റ് ഷീറ്റില്‍ റിസല്‍ട്ട് എഴുതിയ ഫോറംമാത്രം ഓഫീസില്‍ സൂക്ഷിക്കേണ്ടതാണ്. അപേക്ഷകന്റെ പക്കല് ‍നിന്ന് കടലാസിലെ അപേക്ഷകളോ രേഖകളോ വാങ്ങേണ്ടതില്ല.

പുതിയ വാഹന രജിസ്ട്രേഷനുള്ള അപേക്ഷ പരിഗണിക്കുമ്ബോള്‍ ഡിജിറ്റലായി ലഭ്യമായിരിക്കുന്ന രേഖകള്‍ വീണ്ടും കടലാസ് രൂപത്തില്‍ ആവശ്യമില്ല. എന്നാല്‍ വാഹനങ്ങളുടെ ഷാസി പ്രിന്റോടുകൂടിയ ഡീലറുടെ പരിശോധനാ സര്‍ട്ടിഫിക്കറ്റും അളവ് സര്‍ട്ടിഫിക്കറ്റുംമാത്രം സൂക്ഷിക്കണം.

ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, വാഹനങ്ങളുടെ കണ്‍വേര്‍ഷന്‍, ഉടമസ്ഥാവകാശം മാറ്റല്‍ തുടങ്ങിയ സേവനങ്ങളും ഓണ്‍ലൈന്‍ അപേക്ഷ പ്രകാരം ചെയ്തുകൊടുക്കാവുന്നതാണ്. ഡ്രൈവിങ് ലൈസന്‍സിന്റെ റിസല്‍ട്ട് രേഖപ്പെടുത്തിയ ഫോറം ഡി.എല്‍.സി., ഇന്‍സ്‌പെക്ഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഓഫീസില്‍ ഒരുവര്‍ഷം സൂക്ഷിച്ചശേഷം നശിപ്പിക്കേണ്ടതാണ്. പുതിയ ലൈസന്‍സ് വീട്ടില്‍ തപാലില്‍ എത്തണമെങ്കില്‍ സ്റ്റാമ്ബ് ഒട്ടിച്ച കവര്‍ വേണമെന്ന വ്യവസ്ഥ തത്കാലം മാറ്റിയിട്ടില്ല.