
അപകട വിവരം നാട്ടുകാര്‍ അറിഞ്ഞെങ്കിലും പറഞ്ഞില്ല; അച്ഛന്റെ മരണ വാര്‍ത്ത ഒടുവില്‍ മകള്‍ അറിഞ്ഞത് ഫേസ്ബുക്കിലൂടെ
February 21, 2020 1:00 pm
0
കൊച്ചി: ഗിരീഷിന്റെ മരണവിവരം രാവിലെത്തന്നെ നാട്ടുകാര്‍ അറിഞ്ഞെങ്കിലും ബന്ധുക്കളെ അറിയിച്ചില്ല. എന്നാല്‍ അച്ഛന് ആദരാഞ്ജലി അര്‍പ്പിച്ചുള്ള ചിത്രം മകള്‍ ഫേസ്ബുക്കില്‍ കണ്ടതോടെ പിന്നീട് ആ വീട്ടിലുയര്‍ന്നത് കൂട്ടക്കരച്ചിലായിരുന്നു.
തമിഴ്‌നാട് അവിനാശിയില്‍വെച്ച് കെഎസ്‌ആര്‍ടിസി ബസില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ചുണ്ടായ അപകടത്തിലാണ് ഗിരീഷ് മരിച്ചത്. അപകടവിവരം നാട്ടുകാര്‍ നേരത്തെ അറിഞ്ഞിരുന്നെങ്കിലും ഗിരീഷ് മരിച്ച വിവരം വീട്ടുകാര്‍ അറിഞ്ഞില്ല. പുതുതായി പണിത വീട്ടില്‍ താമസിച്ച് കൊതിതീരും മുമ്ബേ മരണം ഗിരീഷിനെ തട്ടിയെടുക്കുകയായിരുന്നു.
മൂന്നുവര്‍ഷം മുമ്ബാണ് ഗിരീഷും കുടുംബവും വളയന്‍ചിറങ്ങര വരിക്കാട് പുതിയ വീടുവെച്ച് താമസം തുടങ്ങിയിട്ട്. അമ്മ ലക്ഷ്മി, ഭാര്യ സ്മിത, മകള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ദേവിക എന്നിവര്‍ക്കൊപ്പം സന്തോഷത്തോടെയുള്ള ജീവിതമായിരുന്നു ഗിരീഷിന്റേതെന്ന് നാട്ടുകാര്‍ പറയുന്നു.
ദേവികയുടെ മോഡല്‍ പരീക്ഷ കഴിഞ്ഞതിന് പിന്നാലെയാണ് അച്ഛന്റെ മരണവാര്‍ത്ത മകള്‍ അറിയുന്നത്. തളര്‍ന്നു വീണ ദേവികയെയും അമ്മയെയും അമ്മൂമ്മയെയും എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ വിഷമത്തിലായിരുന്നു ദേവികയുടെ കൂട്ടുകാരും നാട്ടുകാരുമെല്ലാം. ആ കാഴ്ച കണ്ട് വീട്ടിലെത്തിയവരുടെയെല്ലാം കണ്ണുനിറഞ്ഞു.
പുതിയ വീട്ടില്‍ താമസിച്ച് മകന് കൊതി തീര്‍ന്നില്ലെന്ന് വിലപിക്കുകയാണ് അമ്മ ലക്ഷ്മി. ഗിരീഷിന്റെ അച്ഛന്‍ മരിച്ചിട്ട് വര്‍ഷങ്ങളായി. ഇതോടെ മൂന്നുസ്ത്രീകളും ഗിരീഷും മാത്രമായിരുന്നു വീട്ടില്‍. അവിനാശിയിലെ വാഹനാപകടത്തില്‍ 18 മലയാളികള്‍ ഉള്‍പ്പെടെ 19പേരാണ് മരിച്ചത്.