
കോയമ്ബത്തൂര്‍ ബസപകടം: ലോറി ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു
February 21, 2020 9:53 am
0
കോയമ്ബത്തൂര്‍: അവിനാശി വാഹനാപകടത്തില്‍ കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ ഹേമരാജിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് ഹേമരാജ്. അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഹേമരാജിന്റെ ലൈസന്‍സ് റദ്ദാക്കും.
ലോറിയുടെ ടയറുകള്‍ പൊട്ടിയാണ് അപകടമുണ്ടായതെന്ന വാദം തമിഴ്‌നാടിന്റെയും കേരളത്തിന്റെയും മോട്ടോര്‍ വാഹനവകുപ്പുകള്‍ തള്ളി. വ്യാഴാഴ്ച തന്നെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. ലോറിയുടെ ടയര്‍ പൊട്ടിയതല്ല അപകടകാരണമെന്ന് ഇവര്‍ വ്യക്തമാക്കി. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വ്യാഴാഴ്ച ഉച്ചയോടെ ഹേമരാജിനെ തിരുപ്പൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് ഈറോഡിലെ ജില്ലാ പോലീസ് മേധാവിയുടെ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ഇവിടെ ഹേമരാജിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ടയര്‍ പൊട്ടിയാണ് അപകടമുണ്ടായതെന്നായിരുന്നു ഹേമരാജിന്റെ ആദ്യമൊഴി.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് തമിഴ്‌നാട്ടിലെ അവിനാശിയില്‍വെച്ച് കെ.എസ്.ആര്‍.ടി.സി. ബസില്‍ കണ്ടെയ്‌നര്‍ ഇടിച്ച് വന്‍ദുരന്തമുണ്ടായത്. 18 മലയാളികള്‍ അടക്കം 19 പേരാണ് അപകത്തില്‍ മരിച്ചത്. ഇവരില്‍ ബസിന്റെ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ വി.ആര്‍.ബൈജുവും ഗിരീഷും ഉള്‍പ്പെടുന്നു.