Monday, 28th April 2025
April 28, 2025

ഇരുന്നത് മരണപ്പെട്ട കണ്ടക്ടറിനൊപ്പം, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രം: നടുക്കുന്ന നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് മലയാളി പെണ്‍കുട്ടി

  • February 20, 2020 1:00 pm

  • 0

കോയമ്ബത്തൂര്‍: തമിഴ്‌നാട്ടിലെ അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ നടുക്കുന്ന നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് മലയാളിയായ വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി. അപകടം നടക്കുന്ന സമയത്ത് ബസില്‍ എല്ലാവരും ഉറക്കത്തിലായിരുന്നുവെന്നും ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് താന്‍ അപകടത്തില്‍ നിന്നും നിസാര പരിക്കുകളോട് കൂടി രക്ഷപ്പെട്ടതെന്നുമാണ് ശ്രീലക്ഷ്മി പറയുന്നത്.

ബംഗളുരുവില്‍ നിന്നും തൃശൂരിലേക്ക് ഒറ്റയ്ക്ക് വരികയായിരുന്ന ശ്രീലക്ഷ്മി അപകടത്തില്‍ മരണപ്പെട്ട ബസിന്റെ കണ്ടക്ടറോടൊപ്പമാണ് ഇരുന്നിരുന്നത്. ഇടയ്ക്ക് വച്ച്‌ താന്‍ ഉറങ്ങിപ്പോയെന്നും അതിനാല്‍ കണ്ടക്ടര്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് പോയോ എന്ന് തനിക്ക് ഉറപ്പില്ലെന്നും ശ്രീലക്ഷ്മി പറയുന്നുകണ്ടക്ടര്‍ മരിച്ച വിവരം വാര്‍ത്തകളിലൂടെയാണ് ഒടുവില്‍ അറിഞ്ഞതെന്നും ശ്രീലക്ഷ്മി പറയുന്നു.

അപകടത്തിന്റെ ആഘാതത്തില്‍ ഒന്നുംതന്നെ ഓര്‍മയിയില്ല. വലിയ ശബ്ദത്തോടെയുള്ള ഇടി മാത്രമാണ് ആകെ മനസിലുള്ളത്. അതിനുശേഷം എല്ലാം ഛിന്നഭിന്നമായി കിടക്കുന്നതാണ് കാണുന്നത്. അപകടം നടന്ന് അല്‍പ്പസമയത്തിനുള്ളില്‍ തന്നെ നാട്ടുകാരും മറ്റും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി എത്തിയിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെയെല്ലാം ആംബുലന്‍സിലേക്ക് ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ലാത്തവര്‍ക്ക് സംഭവസ്ഥലത്തുവെച്ച്‌ തന്നെ പ്രഥമ ചികിത്സകള്‍ നല്‍കിയിരുന്നു.- ഭീതിജനകമായ നിമിഷങ്ങളെ ഓര്‍ത്തെടുത്ത് കൊണ്ട് ശ്രീലക്ഷ്മി പറഞ്ഞു നിര്‍ത്തുന്നു.

ബസിലെ മറ്റ് യാത്രക്കാരെ കുറിച്ച്‌ തനിക്ക് കൂടുതലൊന്നും അറിയില്ലെന്നും ബസിന്റെ വലതുഭാഗത്ത് ഇരുന്നവരെയാണ് അപകടത്തിന്റെ ആഘാതം കാര്യമായി ബാധിച്ചതെന്നും ശ്രീലക്ഷ്മി പറയുന്നു. കാലിന് നേരിയ പരിക്ക് മാത്രമേറ്റ ശ്രീലക്ഷ്മി ചികിത്സയ്ക്ക് ശേഷം തിരുപ്പൂരിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയാണ് ചെയ്തത്. രക്ഷിതാക്കള്‍ എത്തിയ ശേഷം താന്‍ നാട്ടിലേക്ക് മടങ്ങുമെന്ന് ശ്രീലക്ഷ്മി പറഞ്ഞു.

തമിഴ്‌നാട്ടിലെ തിരുപ്പൂരിനടുത്ത് നടന്ന അപകടത്തില്‍ 20 പേര്‍ മരണപ്പെട്ടിരുന്നു. 25 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരില്‍ 19 പേരും മലയാളികളാണെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതില്‍ 5പേര്‍ സ്ത്രീകളാണ്. ബസിലുണ്ടായിരുന്ന 48പേരില്‍ 42 പേരും മലയാളികളാണ്. കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ ടി.ഡി. ഗിരീഷ്, ബൈജു എന്നിവര്‍ തല്‍ക്ഷണം മരിച്ചു.

യാത്രക്കാരായ ഇഗ്‌നി റാഫേല്‍, കിരണ്‍കുമാര്‍, കൃഷ്, ജോര്‍ദാന്‍, റോസ്‌ലി, വിനോദ്, ക്രിസ്റ്റഫര്‍, റഹീം, നവീന്‍ ബേബി എന്നിവരെ തിരിച്ചറിഞ്ഞു. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലുള്ളവരാണ് മരിച്ചവര്‍. അപകടത്തില്‍ ഉള്‍പ്പെട്ട കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്.