കെ.എസ്.ആര്‍.ടി.സി വാങ്ങിയ 14.46 കോടിയുടെ ഡീസല്‍ ‘കാണാനില്ല’
February 19, 2020 12:00 pm
0
തിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്നു കെ.എസ്.ആര്‍.ടി.സി. വാങ്ങിയ 182 ടാങ്കര്‍ ഡീസല്‍ ഏത് ഡിപ്പോയ്ക്കു കൈമാറിയെന്നതിനു തെളിവില്ല. 14.46 കോടി രൂപയുടെ ഡീസലാണ് കണക്കില്‍പ്പെടാതെ പോയതെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കമ്ബനിയില്‍നിന്നു ടാങ്കറില്‍ ഡീസല്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഡിപ്പോകളുടെ കണക്കിലില്ല. ഡീസല്‍ കൃത്യമായി വിതരണം ചെയ്തിട്ടുണ്ടെന്നും ഡിപ്പോകളില്‍ കണക്ക് സൂക്ഷിക്കുന്നതില്‍ വന്ന പാകപ്പിഴയാണിതെന്നുമാണ് കെ.എസ്.ആര്‍.ടി.സി.യുടെ വിശദീകരണം.
ഡീസല്‍ വിതരണസംവിധാനത്തില്‍ ഗുരുതര ക്രമക്കേടുണ്ടെന്ന സൂചനയാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്. എണ്ണക്കമ്ബനികളില്നിന്നു ഡിപ്പോകളിലേക്കെത്തുന്ന ഡീസല്‍ സ്വീകരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുന്നില്ല.
12,000 ലിറ്റര്‍ ഡീസലാണ് ഒരു ടാങ്കറിലുള്ളത്. ഇതു ചിലപ്പോള്‍ മൂന്ന് ഡിപ്പോകളിലേക്കായി വീതംവെക്കും. ഒരു ഡിപ്പോയില്‍ വരവുവെച്ചശേഷം മറ്റു സ്ഥലങ്ങളിലേക്കു കൈമാറിയെന്നു രേഖപ്പെടുത്തേണ്ടതുണ്ട്. ഡീസല്‍ വീതംവെച്ച ഒരു ഡിപ്പോകളിലും വരവുവെക്കാറില്ല. മറ്റു ഡിപ്പോകളിലെ ബസുകള്‍ക്ക് ഇന്ധനം നല്‍കുന്നതിന്റെ കണക്കും ഇത്തരത്തില്‍ കൈമാറ്റം ചെയ്യേണ്ടതുണ്ട്.
എറണാകുളത്ത് ഡീസലിന് വിലക്കുറവുള്ളതിനാല്‍ മറ്റു ഡിപ്പോകളിലെ ദീര്‍ഘദൂര ബസുകള്‍ ഇവിടെനിന്ന് ഇന്ധനം നിറയ്ക്കാറുണ്ട്. മറ്റു ഡിപ്പോകള്‍ക്ക് ഇന്ധനം കൈമാറിയതിന്റെ കണക്കില്‍ ഇത് ഉള്‍ക്കൊള്ളിക്കണം. ഇതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. അക്കൗണ്ടിങ് വിഭാഗത്തിന്റെ പാകപ്പിഴയാണ് ധനകാര്യവിഭാഗത്തിന്റെ പരിശോധനയില്‍ വെളിപ്പെട്ടത്.
ഫിനാന്‍സ് വിഭാഗത്തിലെ കണ്‍ട്രോളര്‍ ഓഫ് പര്‍ച്ചേസിനാണ് ഡീസല്‍ വാങ്ങുന്നതിന്റെ ചുമതല. കമ്ബനിയില്‍നിന്നുവരുന്ന ഡീസല്‍ ഏതൊക്കെ ഡിപ്പോകള്‍ക്കു നല്‍കുന്നുവെന്ന കണക്ക് സൂക്ഷിക്കേണ്ടത് ഫിനാന്‍സ് വിഭാഗമാണ്. ഡിപ്പോ അധികൃതരും ഇതിന്റെ വിവരങ്ങള്‍ കൈമാറേണ്ടതുണ്ട്. വിവിധ വിഭാഗങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ സമാഹരിക്കുന്നതിലും ക്രോഡീകരിക്കുന്നതിലും പരിശോധിക്കുന്നതിലും വീഴ്ച സംഭവിച്ചിട്ടുണ്ട്.
എന്നാല്‍, കെ.എസ്.ആര്‍.ടി.സി. പിന്തുടരുന്ന കാലഹരണപ്പെട്ട അക്കൗണ്ടിങ് സംവിധാനത്തിലേക്കാണ് ഈ സംഭവം വിരല്‍ചൂണ്ടുന്നത്.