
ഒന്നരവയസ്സുകാരനെ കൊന്ന അമ്മ മരണം ഉറപ്പാക്കാന്‍ കടലിലേക്ക് രണ്ടു തവണ എറിഞ്ഞ ശേഷം
February 19, 2020 11:00 am
0
കണ്ണൂര്‍: തയ്യില്‍ ഒന്നര വയസ്സുള്ള കുഞ്ഞിനെ കൊന്നത് അമ്മ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുഞ്ഞിനെ പുലര്‍ച്ചെ മൂന്ന് മണിയോടുകൂടി കടലിലെറിഞ്ഞു കൊല്ലുകയായിരുന്നു എന്ന് അമ്മ ശരണ്യ പൊലീസിനോട് സമ്മതിച്ചു. തനിക്ക് ഒറ്റയ്ക്ക് ജീവിക്കാന്‍ വേണ്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് ശരണ്യ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകാന്‍ ശരണ്യ പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘത്തിന് വ്യക്തമായി.
തിങ്കളാഴ്ച രാവിലെ മൂന്ന് മണിയോടു കൂടിയാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയത്. മത്സ്യ തൊഴിലാളിയായ അച്ഛന്‍ വത്സരാജ് കടലില്‍ ജോലിക്ക് പോയ ദിവസം അകന്നുകഴിയുന്ന ഭര്‍ത്താവ് പ്രണവിനെ ശരണ്യ വിളിച്ചുവരുത്തി. കഴിഞ്ഞ ഞായറാഴ്ച രാത്രി അവര്‍ ശരണ്യയുടെ വീട്ടില്‍ ഒരുമിച്ച് താമസിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ശരണ്യ എഴുന്നേറ്റു . പ്രണവിനൊപ്പം കിടന്നുറങ്ങുകയായിരുന്നു ഒന്നരവയസുകാരന്‍ വിയാന്‍. പതുക്കെ എടുത്തപ്പോള്‍ കുഞ്ഞ് കരഞ്ഞു. അപ്പോള്‍ പാലു കൊടുത്ത് ശാന്തനാക്കി. പിന്നീട് കുഞ്ഞുമായി കടല്‍ക്കരയിലേക്ക് നീങ്ങി, എന്നിട്ട് കടലിലേക്ക് വലിച്ചെറിഞ്ഞു. കടല്‍ ഭിത്തിയിലെ പാറകളില്‍ വീണ് പരിക്കേറ്റ കുട്ടി കരഞ്ഞു നിലവിളിച്ചു. ശബ്ദം നാട്ടുകാരെ ഉണര്‍ത്തും എന്ന് മനസ്സിലാക്കിയ ശരണ്യ വീണ്ടും ഇറങ്ങി ചെന്ന് കുട്ടിയെ എടുത്ത് ഒന്നുകൂടി കടലിലേക്ക് എറിഞ്ഞു.
വീട്ടിലേക്ക് മടങ്ങിയ ശരണ്യ കിടന്നുറങ്ങി. രാവിലെ സാധാരണഗതിയില്‍ എന്നപോലെ എഴുന്നേറ്റ് കുട്ടിയെ കാണാനില്ലെന്ന് മുറവിളികൂട്ടി. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം കടല്‍ഭിത്തിയില്‍ കണ്ടെത്തി. വിയാനെ കൊന്നത് പ്രണവ് ആണെന്ന് എല്ലാവരും സംശയിച്ചു.
എന്നാല്‍ കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദനും സിറ്റി സ്റ്റേഷനില്‍ സി ഐ പിആര്‍ സതീശനും ശരണ്യയെ പൂര്‍ണമായി വിശ്വസിച്ചില്ല. ശരണ്യയുടെ ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പരിശോധനയില്‍ കടലിലേക്ക് പോയത് ശരണ്യ ആണെന്ന് തെളിഞ്ഞു.ഭര്‍ത്താവ് പ്രണവിന്റെ സുഹൃത്ത് നിതിനുമായി ശരണ്യ അടുപ്പത്തിലായിരുന്നു. പ്രണവ് വിദേശത്ത് ജോലി ചെയ്യുന്ന സമയത്തായിരുന്നു അടുപ്പം തുടങ്ങിയത്. അവര്‍ ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചു.
കുട്ടിയെയും ഭര്‍ത്താവിനെയും ഒരുമിച്ച് ഒഴിവാക്കാനുള്ള ശരണ്യയുടെ പദ്ധതി പക്ഷേ വിജയിച്ചില്ല. പ്രണവിന്റെ തലയില്‍ കൊല കുറ്റം കെട്ടിവെക്കാന്‍ ശരണ്യ മൊഴി നല്‍കിയെങ്കിലും പൊലീസ് അതെല്ലാം ആഴത്തില്‍ പരിശോധിച്ചു. തെളിവുകളെല്ലാം ശരണ്യയ്ക്ക് എതിരായിരുന്നു. ഒടുവില്‍ പൂര്‍ണമായും കുടുങ്ങി എന്ന് വ്യക്തമായ ശരണ്യ കുറ്റം ഏറ്റുപറഞ്ഞു.
ഒരു പ്രണയവിവാഹത്തിന്റെ ദുരന്തപൂര്‍ണമായ പര്യവസാനത്തിനാണ് കണ്ണൂര്‍ തയ്യില്‍ കടപ്പുറം നിവാസികള്‍ സാക്ഷിയായത്.