
കണ്ണൂരില്‍ പിതാവിനൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കടലില്‍
February 17, 2020 3:00 pm
0
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ തയ്യിലില്‍ വീട്ടില്‍ നിന്ന് കാണാതായ കുഞ്ഞിന്റെ മൃതദേഹം കടപ്പുറത്ത് നിന്ന് കണ്ടെത്തി. കിടപ്പുമുറിയില്‍ രാത്രി ഉറക്കിക്കിടത്തിയ കുഞ്ഞിന്റെ മൃതദേഹമാണ് രാവിലെ തയ്യില്‍ കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. ഒന്നരവയസ്സുകാരന്‍ വിയാനാണ് മരിച്ചത്. കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. കുഞ്ഞിനെ അച്ഛന്‍ പ്രണവ് തന്നെ കൊലപ്പെടുത്തിയതാകാം എന്നാണ് അമ്മ ശരണ്യയുടെ ബന്ധു സംശയം ഉന്നയിച്ചിരിക്കുന്നത്.
കുഞ്ഞിന്റെ അമ്മയായ ശരണ്യ മൂന്ന് മണിക്ക് പാല് കൊടുത്ത് കുട്ടിയെ ഉറക്കി കിടത്തിയതാണ്. അച്ഛന്‍ പ്രണവിനൊപ്പമാണ് കുഞ്ഞിനെ കിടത്തിയിരുന്നത്. എന്നാല്‍ രാവിലെ ആറര മണിയോടെ കുട്ടിയെ മുറിയില്‍ നിന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും വിയാനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
പ്രണവ് പോലീസിനെ സമീപിക്കുകയും കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തിരുന്നു. അതിനിടെയാണ് 11 മണിയോടെ കടപ്പുറത്ത് നിന്നും കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്. കടപ്പുറത്തെ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രണവും ശരണ്യയും തമ്മിലുളള വിവാഹ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
അതുകൊണ്ട് തന്നെ കുഞ്ഞിനെ പ്രണവ് കൊലപ്പെടുത്തിയതാണോ എന്ന സംശയമാണ് ഉയരുന്നത്. പ്രണവ് കുഞ്ഞിനൊപ്പം മുറിയിലാണ് കിടന്നിരുന്നത്. മുറിയുടെ വാതില്‍ അകത്ത് നിന്ന് പൂട്ടിയിരിക്കുകയുമായിരുന്നു. ശരണ്യ ഹാളില്‍ ആയിരുന്നു കിടന്നിരുന്നത്. അപ്പോള്‍ പ്രണവ് അറിയാതെ എങ്ങനെയാണ് കുഞ്ഞിനെ കാണാതാവുന്നത് എന്നാണ് ശരണ്യയുടെ ബന്ധു ചോദിക്കുന്നത്. പ്രണവിനേയും ശരണ്യയേയും മറ്റ് ബന്ധുക്കളേയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്.