
തെങ്കാശിയില്‍ വാഹനാപകടം: രണ്ടു മലയാളികളടക്കം മൂന്നു മരണം
February 17, 2020 2:00 pm
0
തെങ്കാശി: തെങ്കാശിയിലെ വാഹനാപകടത്തില്‍ രണ്ടു മലയാളികളും ഒരു ശിവകാശി സ്വദേശിയും ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. കൊല്ലം കല്ലുവാതുക്കല്‍ ആടുതലയില്‍ തോമസ് കുട്ടിയുടെ മകന്‍ സിജു തോമസ് (31), കൊട്ടാരക്കര മണ്ണൂര്‍ മാങ്കുഴി പുത്തന്‍വീട്ടില്‍ നൈനാന്‍ മകന്‍ സിഞ്ചു നൈനാന്‍ (32) എന്നിവരാണ് മരിച്ച മലയാളികള്‍. റിക്കലവറി വാഹനത്തിന്റെ ഡ്രൈവറും ശിവകാശി സ്വദേശിയുമായ രാജശേഖര്‍ (50) ആണ് മരിച്ച മൂന്നാമന്‍.
തിങ്കളാഴ്ച അതിരാവിലെ 6.15 ഓടെയായിരുന്നു അപകടം. മരിച്ച കൊല്ലം സ്വദേശികള്‍ കുടുംബസമേതം ചെന്നൈയില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു. ഞായറാഴ്ച രാത്രി രണ്ടു മണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കേരള രജിസ്‌ട്രേഷനിലുള്ള സൈലോ കാര്‍ അരുളാച്ചി ജംഗ്ഷനു സമീപം ടയര്‍ പഞ്ചറായി ചെറിയൊരു പാലത്തിന്റെ വലതുവശത്ത് ഇടിച്ചു. അതോടെ വണ്ടി അവിടെ ഒതുക്കിയിട്ടിട്ട് കാറിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ നാട്ടിലേക്ക് ബസില്‍ കയറ്റി വിട്ടു.
വിവരമറിഞ്ഞ് തന്റെ റിക്കവറി വാഹനവുമായി അപകടത്തില്‍പെട്ട കാര്‍ നീക്കം ചെയ്യാനായി സ്ഥലത്തെത്തിയതായിരുന്നു ശിവകാശി സ്വദേശിയായി രാജശേഖര്‍. ഇവര്‍ മൂവരും ചേര്‍ന്ന് റോഡിന്റെ വലതുവശത്ത് കാര്‍ കെട്ടിവലിച്ചു കൊണ്ടുപോകാനുള്ള ശ്രമങ്ങളിലേര്‍പ്പെട്ടിരിക്കുമ്പോഴാണ് കോവൈ–തെങ്കാശി റൂട്ടില്‍ ഓടിയിരുന്ന ആരതി ട്രാവല്‍സിന്റെ ഓമ്‌നി ബസ് വന്ന് ഇടിക്കുന്നത്.
അമിതവേഗത്തില്‍ അശ്രദ്ധമായി ഓടിച്ചുവന്ന ബസ് റോഡിന്റെ വലതുവശത്ത് നില്ക്കുകയായിരുന്ന മൂന്നുപേരെയും ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ബസ് ഓടിച്ചിരുന്ന കോവില്‍പ്പെട്ടി സ്വദേശിയായ ജയപ്രകാശി(32)നെ വസുദേവനല്ലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ശിവഗിരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.