Monday, 28th April 2025
April 28, 2025

കെ.സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍

  • February 15, 2020 11:54 am

  • 0

ന്യൂഡല്‍ഹി: കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ. പി നഡ്ഡയാണ് പ്രഖ്യാപിച്ചത്. പി.എസ്.ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷ പദവി ദീര്‍ഘനാളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച്‌ വരികയായിരുന്നു കെ.സുരേന്ദ്രന്‍.

1970 മാര്‍ച്ച്‌ 10 ന് കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനായി കോഴിക്കോട് ഉള്ളിയേരിയിലെ കുന്നുമ്മല്‍ വീട്ടിലാണ് കെ. സുരേന്ദ്രന്‍ ജനിച്ചത്. സ്‌കൂളില്‍ എ.ബി.വി.പിയിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങി. ഗുരുവായൂരപ്പന്‍ കോളേജില്‍ രസതന്ത്രത്തില്‍ ബിരുദം നേടി. യുവമോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷനായ ശേഷമാണ് സുരേന്ദ്രന്‍ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.

കോവളം കൊട്ടാരം സമരം, കേരളാ യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍ഡ് ഗ്രേഡ് അഴിമതിക്കെതിരായ സമരം, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, മലബാര്‍ സിമന്റ്‌സ് അഴിമതി, സോളാര്‍ തട്ടിപ്പ് തുടങ്ങിയ അഴിമതികള്‍ക്കെതിരെ സമരം നയിച്ചു. യുവമോര്‍ച്ചയില്‍ നിന്ന് ബി.ജെ.പിയിലെത്തിയ അദ്ദേഹം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദവിയിലുമെത്തി. ലോക്‌സഭയിലേക്ക് കാസര്‍കോഡ് മണ്ഡലത്തില്‍ നിന്ന് രണ്ട് തവണയും നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്ന് രണ്ട് തവണയും മത്സരിച്ച സുരേന്ദ്രന്‍ കഴിഞ്ഞ തവണ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് പരാജയപ്പെട്ടത്.

ശബരിമല യുവതീ പ്രവേശനത്തിനെതിരായുള്ള പ്രതിഷേധത്തില്‍ 22 ദിവസം ജയില്‍വാസമനുഷ്ഠിച്ചിരുന്നു സുരേന്ദ്രന്‍. ഇത് ഒരു വിഭാഗം വിശ്വാസികളില്‍ വലിയ സ്വാധീനമുണ്ടാക്കി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംത്തിട്ട മണ്ഡലത്തില്‍ മത്സരിച്ച്‌ മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ചു. ആറുമാസത്തിന് ശേഷം കോന്നിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും 40,000 ഓളം വോട്ട് നേടിയ സുരേന്ദ്രന്‍ കേരളരാഷ്ട്രീയത്തിലെ തന്റെ സ്ഥാനം ഉറപ്പിച്ചു.
ഭാര്യ ഷീബ, മകന്‍ ഹരികൃഷ്ണന്‍ ബിടെക്ക് ബിരുദധാരിയാണ്. മകള്‍ ഗായത്രി പ്ലസ്ടുവിന് പഠിക്കുന്നു.