
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തി
February 14, 2020 1:54 pm
0
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രണ്ട് യാത്രക്കാരെ കവര്‍ച്ച സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി. കാസര്‍കോട് സ്വദേശികളെ തട്ടികൊണ്ടുപോയി മര്‍ദിച്ച് കയ്യിലുള്ള പണവും സ്വര്‍ണവും കവര്‍ച്ച നടത്തിയതായാണ് പരാതി. കാസര്‍കോട് ഉദുമ സ്വദേശികളായ സന്തോഷ്, അബ്ദുള്‍ സത്താര്‍ എന്നിവരാണ് മര്‍ദനത്തിനിരയായത്.
വെള്ളിയാഴ്ച പുലര്‍ച്ചെ എയര്‍ഇന്ത്യ വിമാനത്തില്‍ വന്നിറങ്ങിയ യാത്രക്കാരെ വാഹനം തടഞ്ഞ് കവര്‍ച്ച സംഘം തട്ടികൊണ്ടപോവുകയായിരുന്നു. കോഴിക്കോട്ടേക്ക് ഓട്ടോയില്‍ യാത്രചെയ്യുകയായിരുന്ന ഇരുവരെയും കസ്റ്റംസാണെന്ന് പറഞ്ഞ് പാസ്‌പോര്‍ട്ട് കൈപറ്റി കാറില്‍ കയറ്റി കടപ്പുറത്തേക്ക് കൊണ്ടുപോയി. ശേഷം ക്രൂരമായി മര്‍ദിക്കുകയും വസ്ത്രങ്ങള്‍ അഴിച്ച് ദേഹപരിശോധന നടത്തുകയും കൈയിലുണ്ടായിരുന്ന പണവും സ്വര്‍ണവും കൊള്ളയടിക്കുകയും ചെയ്തു. കൊണ്ടുവന്ന സ്വര്‍ണ്ണമെവിടെ എന്ന് ചോദിച്ചായിരുന്നു മര്‍ദനമെന്ന് പരാതിയില്‍ പറയുന്നു.
കരിപ്പൂരില്‍ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ തട്ടിക്കൊണ്ടുപോകല്‍ കേസാണിത്. കഴിഞ്ഞ ദിവസം ദക്ഷിണ കന്നട സ്വദേശിയെയും തട്ടികൊണ്ടുപോയി മര്‍ദിച്ചിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി സ്വദേശി റഷീദിനെ പൊലീസ് പിടികൂടിയിരുന്നു.
നികുതി വെട്ടിച്ച് സ്വര്‍ണം കടത്തുന്നവരെ ലക്ഷ്യമിട്ടാണ് കവര്‍ച്ചാ സംഘം ആക്രമണം നടത്തുന്നത്. ഇവരെ പിടികൂടാന്‍ പൊലീസ് ഊര്‍ജിതശ്രമങ്ങള്‍ നടത്തുന്നുണ്ട്.