
കേരളത്തില്‍ ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനം ; ഓര്‍ഡിനന്‍സ് ഉടന്‍
January 15, 2020 3:00 pm
0
തിരുവനന്തപുരം : സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ‘ദി കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നവേഷന്‍ ആന്റ് ടെക്‌നോളജി‘ എന്ന പേരിലായിരിക്കും പുതിയ സര്‍വ്വകലാശാല. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഐഐഐടിഎംകെ എന്ന സ്ഥാപനമാണ് ഡിജിറ്റല്‍ സര്‍വകലാശാലയാക്കി ഉയര്‍ത്തുന്നത്.
ആഗോള രംഗത്തോട് കിടപിടിക്കുന്ന രീതിയില്‍ സംസ്ഥാനത്തെ വിവരസാങ്കേതിക വിദ്യാഭ്യാസം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഡിജിറ്റല്‍ സര്‍വകലാശാല ആരംഭിക്കാന്‍ തീരുമാനിച്ചത്. ഐടി മേഖലയിലെ നൂതന കോഴ്‌സുകള്‍ ഏകോപിപ്പിക്കുകയാണ് ഡിജിറ്റല്‍ സര്‍വകലാശാലയിലൂടെ ലക്ഷ്യമിടുന്നത്.
ബിരുദാനന്തര കോഴ്‌സുകള്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് അടക്കം ഐടി രംഗത്തെ എല്ലാതരം കോഴ്‌സുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ പദ്ധതി. തിരുവനന്തപുരം ടെക്‌നോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മാനേജ്‌മെന്റ് കേരള എന്ന സ്ഥാപനമാണ് ഡിജിറ്റല്‍ സര്‍വകലാശാലയായി ഉയര്‍ത്തുന്നത്.
ഇവിടെ നിലവില്‍ അഞ്ച് എംഎസ് സി കോഴ്‌സുകളും പിഎച്ച്‌ഡി, എംഫില്‍ കോഴ്‌സുകളും നടക്കുന്നുണ്ട്. കൂടുതല്‍ സൗകര്യങ്ങളും കോഴ്‌സുകളും ഏര്‍പ്പെടുത്തി സര്‍വകലാശാലയായി ഉയര്‍ത്താനാണ് പദ്ധതിയിട്ടിട്ടുള്ളത്.
ഡിജിറ്റല്‍ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ അനലിറ്റിക്‌സ്, ബ്ലോക്ക് ചെയിന്‍, കോഗ് നിറ്റീവ് സയന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ഓഗ് മെന്‍ഡഡ് റിയാലിറ്റി തുടങ്ങിയ മേഖലകള്‍ക്ക് ഡിജിറ്റല്‍ സര്‍വ്വകലാശാല ഊന്നല്‍ നല്‍കും.
ഡിജിറ്റല്‍ മേഖലയില്‍ ഉയര്‍ന്ന നിലവാരമുള്ള മാനവ ശക്തിയുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സര്‍വ്വകലാശാലയ്ക്കു കീഴില്‍ അഞ്ച് സ്‌കൂളുകള്‍ സ്ഥാപിക്കും. സ്‌കൂള്‍ ഓഫ് കമ്ബ്യൂട്ടിംഗ്, സ്‌കൂള്‍ ഓഫ് ഇലക്‌ട്രോണിക്‌സ് ഡിസൈന്‍ ആന്റ് ഓട്ടോമേഷന്‍, സ്‌കൂള്‍ ഓഫ് ഇന്‍ഫര്‍മാറ്റിക്‌സ്, സ്‌കൂള്‍ ഓഫ് ഡിജിറ്റല്‍ ബയോ സയന്‍സ്, സ്‌കൂള്‍ ഓഫ് ഡിജിറ്റല്‍ ഹ്യൂമാനിറ്റീസ് എന്നിവയാണ് അഞ്ച് സ്‌കൂളുകള്‍.
ഡിജിറ്റല്‍ സാങ്കേതികവിദ്യാ മേഖലകളുടെ ഗവേഷണത്തിലും ബിരുദാന്തര ബിരുദ വിദ്യാഭ്യാസത്തിലുമായിരിക്കും നിര്‍ദിഷ്ട സര്‍വ്വകലാശാല ശ്രദ്ധ കേന്ദ്രീകരിക്കുക. നിലവില്‍ ഗവേഷണ കേന്ദ്രങ്ങളില്ലാത്ത കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ സര്‍വ്വകലാശാല മുതല്‍ക്കൂട്ടായിരിക്കും.