
കളിയിക്കാവിള കൊലപാതകം: ആസൂത്രണം കര്‍ണാടകയിലും ഡല്‍ഹിയിലും ; 17 അംഗ സംഘത്തിലെ മൂന്ന് പേര്‍ ചാവേറുകള്‍ ; രാജ്യവ്യാപക ആക്രമണത്തിനും പദ്ധതിയിട്ടു
January 15, 2020 2:00 pm
0
തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സണ്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ കൊലപാതകത്തിന്റെ ആസൂത്രണം നടന്നത് കടര്‍ണാടത്തിലും ഡല്‍ഹിയിലുമെന്ന് റിപ്പോര്‍ട്ട്. സംഭവം ആസൂത്രണം ചെയ്തത് 17 അംഗ സംഘമാണെന്നും ഇവരില്‍ മൂന്ന് പേര്‍ക്ക് ചാവേര്‍ ആകാന്‍ പരിശീലനം കിട്ടിയതായും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ക്യൂ ബ്രാഞ്ച് അറസ്റ്റിലായ പ്രധാന പ്രതികള്‍ അബ്ദുള്‍ ഷമീമിനെയും തൗഫീഖിനെയും ചോദ്യം ചെയ്യുകയാണ്.
സംഭവം നടന്ന ദിവസം നാലു പേരായിരുന്നു ഉണ്ടായിരുന്നതെന്നും രണ്ടുപേര്‍ കാറില്‍ തന്നെ ഇരുന്നതായും ഇവര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞിട്ടുണ്ട്്. ഷമീമും തൗഫീഖുമാണ് വില്‍സണെ കുത്തുകയും വെട്ടുകയും വെടിവെയ്ക്കുകയും ചെയ്തത്. അതിന് ശേഷം ഇവര്‍ വന്ന വാഹനത്തില്‍ തന്നെയാണ് രക്ഷപ്പെടുകയും ചെയ്തത്. കൊലപാതകം നടന്ന് ആറു ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ഉഡുപ്പിയില്‍ നിന്നും പ്രധാന പ്രതികളെ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉഡുപ്പി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുമായിരുന്നു ഇവര്‍ പിടിയിലായത്.
കര്‍ണാടകത്തിലേക്കു കടന്ന പ്രതികള്‍ സംസ്ഥാനം വിടാന്‍ ശ്രമിക്കുന്നതിനിടെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും ചേര്‍ന്ന് ഇന്നലെ ഉച്ചയോടെ പിടികൂടുകയായിരുന്നു. രണ്ടുപ്രതികള്‍ക്കും തോക്ക് എത്തിച്ച് നല്‍കിയ ഇജാസ് പാഷയെ ഇന്നലെ ബെംഗളുരു പൊലീസ് പിടികൂടിയിരുന്നു. നിരോധിത തീവ്രവാദ സംഘടനയായ അല്‍ഉമ്മയുടെ പുതിയ രൂപമായ തമിഴ്‌നാട് നാഷണല്‍ ലീഗിന്റെ പ്രവര്‍ത്തകനായ ഇജാസില്‍നിന്നു ലഭിച്ച പ്രതികളുടെ പുതിയ ഫോണ്‍ നമ്ബര്‍ നിരീക്ഷിച്ചാണ് അറസ്റ്റ്.
ചോദ്യം ചെയ്തതില്‍ നിന്നും ഒട്ടേറെ വിവരങ്ങളാണ് കിട്ടിയത്. രാജ്യം മുഴുവന്‍ ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നും സംഘത്തിലെ മൂന്ന് പേര്‍ക്ക് ചാവേറാകാന്‍ നേപ്പാളില്‍ വെച്ച് പരിശീലനം കിട്ടിയിരുന്നു എന്നും ചോദ്യം ചെയ്യലില്‍ വിവരം കിട്ടിയതായിട്ടാണ് പോലീസ് പറയുന്നത്. സംഭവം നടന്നതിന് പിന്നാലെ തമിഴ്‌നാട് പോലീസ് കര്‍ണാടകത്തിലേക്കും ഡല്‍ഹിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
ഡല്‍ഹിയില്‍ നിന്നും ആറുപേരെ കസ്റ്റഡിയില്‍ എടുത്ത പോലീസ് പിന്നീട് ബംഗലുരുവില്‍ നിന്നും അഞ്ചു പേരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രതികളെ ക്യു ബ്രാഞ്ച് ഉഡുപ്പിയിലെ അജ്ഞാത കേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ദക്ഷിണേന്ത്യയില്‍ ഭീകരരുടെ സാന്നിദ്ധ്യം അറിയിക്കാനും ജനങ്ങളില്‍ ഭീതി പടര്‍ത്താനുമാണ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.