Monday, 28th April 2025
April 28, 2025

പ്ലാസ്റ്റിക് നിരോധനം; പിടിവീണാല്‍ പിഴ 10,000 രൂപ, മൂന്നാം തവണയും നിയമലംഘനത്തിന് 50,000, ഒപ്പം സ്ഥാപനത്തിന്റെ നിര്‍മാണ അനുമതിയും പ്രവര്‍ത്തന അനുമതിയും റദ്ദാക്കും

  • January 15, 2020 1:00 pm

  • 0

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയമലംഘനത്തിന് ബുധനാഴ്ച മുതല്‍ പിഴ ഈടാക്കി തുടങ്ങി. ജനുവരി ഒന്നു മുതല്‍ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം നിലവില്‍ വന്നിരുന്നെങ്കിലും പിഴ ഈടാക്കുന്നത് 15 ദിവസത്തേക്കു നീട്ടിയിരുന്നു. പിടി വീണാല്‍ 10,000 രൂപയാണ് പിഴ. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ 25,000 രൂപയായിരിക്കും ഈടാക്കുന്നത്. മൂന്നാം തവണയും നിയമം ലംഘിച്ചാല്‍ 50,000 രൂപ പിഴ ഈടാക്കുന്നതിനൊപ്പം സ്ഥാപനത്തിന്റെ നിര്‍മാണ അനുമതിയും പ്രവര്‍ത്തന അനുമതിയും റദ്ദാക്കും.

നിരോധനം നടപ്പിലാക്കാന്‍ കലക്ടര്‍മാര്‍, സബ് കലക്ടര്‍മാര്‍, തദ്ദേശ, ആരോഗ്യ വകുപ്പുകളിലെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് ചുമതലയുള്ളത്. എക്‌സ്റ്റെന്‍ഡഡ് പ്രൊഡ്യൂസര്‍ റെസ്‌പോണ്‍സിബിലിറ്റി പ്രകാരം നീക്കം ചെയ്യുന്നതും സംസ്‌കരിക്കുന്നതുമായ ബ്രാന്‍ഡഡ് പ്ലാസ്റ്റിക് വസ്തുക്കളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം പ്ലാസ്റ്റിക് വസ്തുക്കള്‍ ഉല്‍പാദകരോ വില്‍ക്കുന്നവരോ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി നീക്കം ചെയ്ത് സംസ്‌കരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഇവയാണ്: പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ), പ്ലാസ്റ്റിക് ഗാര്‍ബിജ് ബാഗ്, പിവിസി ഫ്‌ലെക്‌സ് ഉല്‍പന്നങ്ങള്‍, 500 മില്ലി ലീറ്ററിനു താഴെയുള്ള കുടിവെള്ള പെറ്റ് ബോട്ടിലുകള്‍, ബ്രാന്‍ഡ് അല്ലാത്ത ജ്യൂസ് ബോട്ടിലുകള്‍, മേശ വിരിപ്പായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്, തെര്‍മോക്കോള്‍, സ്റ്റെറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകളും കപ്പുകളും, തെര്‍മോക്കോള്‍, സ്റ്റെറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാര വസ്തുക്കള്‍, ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് സ്പൂണ്‍, ഫോര്‍ക്ക്, സ്‌ട്രോ, ഡിഷുകള്‍ തുടങ്ങിയവ, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍, പേപ്പര്‍ ബൗള്‍, കോട്ടിങ് ഉള്ള പേപ്പര്‍ ബാഗുകള്‍, പ്ലാസ്റ്റിക് കൊടികള്‍, പ്ലാസ്റ്റിക് ബണ്ടിങ്, പ്ലാസ്റ്റിക് കുടിവെള്ള പൗച്ചുകള്‍, ബ്രാന്‍ഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍, നോണ്‍ വൂവണ്‍ ബാഗുകള്‍.