Monday, 28th April 2025
April 28, 2025

പാര്‍ക്കുകളും കടല്‍ത്തീരങ്ങളും നഷ്ടപ്പെട്ട കുട്ടികമിതാക്കള്‍ക്ക്; കണ്ണൂരിലെ രണ്ട് മാളുകളില്‍ വിദ്യാര്‍ഥിനികള്‍ക്ക് യൂണിഫോം മാറാന്‍ രഹസ്യ കേന്ദ്രം; “കിടക്ക’ ഒരുക്കി ഹൈടെക് തീയേറ്ററുകളും

  • January 14, 2020 7:00 pm

  • 0

തലശേരി: ജില്ലയിലെ രണ്ട് സ്വകാര്യ മാളുകളില്‍ സ്‌കൂള്‍കോളജ് വിദ്യാര്‍ഥിനികള്‍ക്ക് യൂണിഫോം മാറാന്‍ രഹസ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനു പുറമെ വസ്ത്രം മാറിയ ശേഷം എത്തുന്ന കുട്ടികമിതാക്കള്‍ക്ക് ബെഡിനു സമാനമായ സീറ്റുകളിലിരുന്ന് സിനിമ കാണാന്‍ സൗകര്യമൊരുക്കി ഹൈടെക് തീയേറ്ററുകളും രംഗത്ത്.

രണ്ട് മാളുകളിലേയും ചില സ്ഥാപനങ്ങളിലെ ജീവനക്കാരുള്‍പ്പെട്ട കണ്ണികളാണ് വിദ്യാര്‍ഥിനികള്‍ക്ക് സ്‌കൂള്‍ യൂണിഫോം മാറാനും ആണ്‍ സുഹൃത്തിനൊപ്പം രണ്ടര മണിക്കൂര്‍ പിങ്ക് പോലീസിനെ പേടിക്കാതെ സുരക്ഷിതമായി ഉല്ലസിക്കാനും അവസരമൊരുക്കിയിട്ടുള്ളത്.

നഗരങ്ങളിലെ പാര്‍ക്കുകളിലും കടല്‍ തീരങ്ങളിലും കുട്ടികമിതാക്കളുടെ സ്നേഹ പ്രകടനങ്ങള്‍ അതിരു കടക്കുകയും ഇത് നവമാധ്യങ്ങളില്‍ വീഡിയോ ഉള്‍പ്പെടെ വൈറലാകുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പുതിയ സങ്കേതം കുട്ടികള്‍ കണ്ടെത്തിയിട്ടുള്ളത്.തലശേരിയിലെ കടല്‍ തീരത്തെ പാറക്കൂട്ടങ്ങള്‍ക്കിടയിലെ കുറ്റിക്കാട്ടില്‍ കുട്ടികള്‍ ഒരുക്കിയ കിടപ്പറയും തൊട്ടടുത്തെ ആളൊഴിഞ്ഞ വീട്ടിലെ രഹസ്യ മുറികളും ചിത്രീകരിച്ച്‌ കുട്ടികമിതാക്കളുടെ ക്ലാസ് കട്ട് ചെയ്തുള്ള കുസൃതികളും ലഹരി മാഫിയയുടെ പ്രവര്‍ത്തനങ്ങളും തലശേരിയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.

ഇതേ തുടര്‍ന്ന് പിങ്ക് പോലീസ് ഈ മേഖലയില്‍ നിരീക്ഷണം ശക്തമാക്കുകയും നിരവധി വിദ്യാര്‍ഥിവിദ്യാര്‍ഥിനികളെ പിടികൂടി രക്ഷിതാക്കളെ വിളിച്ചു വരുത്തി താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നു. പാര്‍ക്കുകളിലേയും കടല്‍ തീരത്തേയും സൗകര്യങ്ങള്‍ നഷ്ടപ്പെട്ടതോടെയാണ് പുതിയ സങ്കേതങ്ങള്‍ ഒരുങ്ങിയിട്ടുള്ളത്.