
മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ സി.ഐ.ടി.യു പ്രവര്‍ത്തകരുടെ ആക്രമണം, രണ്ട് പേര്‍ക്ക് പരിക്ക്
January 14, 2020 3:00 pm
0
ഇടുക്കി: തൊടുപുഴയില്‍ മുത്തൂറ്റ് ഓഫീസ് ജീവനക്കാരെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ആക്രമിച്ചു. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. മൂത്തൂറ്റ് ശാഖ തുറക്കാനെത്തിയ ജീവനക്കാരെ 12 അംഗ സി.ഐ.ടി.യു സംഘം മര്‍ദ്ദിക്കുകയായിരുന്നു. മാനേജര്‍ ജോയ്, ജീവനക്കാരന്‍ നവീന്‍ ചന്ദ്രന്‍ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവരെ പൊലീസ് തൊടുപുഴയിലെ ജില്ലാ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ജീവനക്കാരുടെ മുഖത്തും, കണ്ണിനും പരിക്കേറ്റിട്ടുണ്ട്.
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് മുത്തൂറ്റ് സ്ഥാപനം തുറന്നത്. സംസ്ഥാനത്തെ എല്ലാ മുത്തൂറ്റ് ശാഖകള്‍ക്കും റീജണല്‍ ഓഫീസുകള്‍ക്കും പോലിസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. സ്ഥാപനത്തിനും ജീവനക്കാര്‍ക്കും സുരക്ഷയൊരുക്കേണ്ട ഉത്തരവാദിത്തം പൊലീസിനായിരിക്കുമെന്നും കോടതി അറിയിച്ചിരുന്നു.ഇതേതുടര്‍ന്ന് ഇന്നലെ സ്ഥാപനം തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. പൊലീസ് സംരക്ഷണവും ഒരുക്കിയിരുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവാതിരുന്നതിനാല്‍ ഇന്ന് പൊലീസ് സ്ഥാപനത്തിന് സംരക്ഷണം നല്‍കിയിരുന്നില്ല.