ഒമിക്രോണ്‍ ആളുകളെ കൊല്ലും, ആശുപത്രിവാസത്തിനും ഇടയാക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
January 7, 2022 1:24 pm
0
ജനീവ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ തീവ്രത കുറഞ്ഞവയായി കാണരുതെന്നും ഇവ ആശുപത്രി വാസത്തിലേയ്ക്ക് നയിക്കുമെന്നും മരണത്തിനിടയാക്കുമെന്നും ലോകാരോഗ്യ സംഘടന.
ഡെല്‍റ്റ വകഭേദത്തോട് മത്സരിക്കുകയാണ് ഒമിക്രോണെന്നും രോഗബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവുണ്ടാകുന്നതിനര്‍ത്ഥം ആശുപത്രികള്‍ നിറഞ്ഞുകവിയുകയാണ് എന്നതാണെന്നും ലോകാരോഗ്യ സംഘടനയുടെ മേധാവിയായ ടെഡ്രോസ് അദനം ഗെബ്രെയേസസ് പറഞ്ഞു. ഒമിക്രോണ്‍ പ്രത്യേകിച്ചും വാക്സിന്‍ സ്വീകരിച്ചവരില്‍ ഡെല്‍റ്റയെ അപേക്ഷിച്ച് രൂക്ഷമാകുന്നില്ല എന്നതുകൊണ്ട് ഇവയെ തീവ്രത കുറഞ്ഞവയായി കണക്കാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍പുണ്ടായിരുന്ന കൊവിഡ് വകഭേദങ്ങളെപ്പോലെ ഒമിക്രോണും ആശുപത്രിവാസത്തിനിടയാക്കുകയും ആളുകളെ കൊല്ലുകയുമാണ്. രോഗബാധിതരുടെ എണ്ണം വളരെ കൂടുതലാണ്. ഇത് ലോകത്തിലെ ആരോഗ്യസംവിധാനങ്ങളെ തകിടം മറിക്കുകയാണെന്നും ടെഡ്രോസ് അദനം പറഞ്ഞു.
കഴിഞ്ഞ ആഴ്ചയില്‍ മാത്രം ലോകത്ത് 9.5 ദശലക്ഷം ആളുകള്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്‌ചയെ അപേക്ഷിച്ച് 71 ശതമാനം വര്‍ധനവുണ്ടായിരിക്കുന്നു. എന്നാല്‍ ഇതില്‍ ക്രിസ്തുമസ്– ന്യൂ ഇയര്‍ അവധിക്കാലത്തെ കൊവിഡ് പരിശോധനാ ഫലങ്ങള്‍, സ്വയം നടത്തുന്ന കൊവിഡ് പരിശോധനാ ഫലങ്ങള്‍, ആരോഗ്യ വകുപ്പിന്റെ രേഖകളില്‍ ഇല്ലാത്ത കേസുകള്‍ എന്നിവ ഉള്‍പ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ രാജ്യങ്ങളും വാക്സിനുകള്‍ പരസ്പരം നല്‍കി സഹായിക്കണമെന്നും ടെഡ്രോസ് അദനം അഭ്യര്‍ത്ഥിച്ചു. 2022 പകുതിയോടെ എല്ലാ രാജ്യത്തും 70 ശതമാനം വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കണം. ചില രാജ്യങ്ങളില്‍ മാത്രം ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുകയും അതേസമയം മറ്റ് രാജ്യങ്ങള്‍ക്ക് ഒറ്റ ഡോസ് പോലും കൊവിഡ് വാക്സിന്‍ ജനങ്ങള്‍ക്ക് നല്‍കാനാകാതെ വരികയും ചെയ്യുമ്ബോള്‍ കൊവിഡിനെ പൂര്‍ണമായി തുരത്താനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊവിഡിന്റെ ഏറ്റവും അവസാന വകഭേദമായി ഒമിക്രോണിനെ കരുതാനാകില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ടെക്നിക്കല്‍ മേധാവിയായ മരിയ വാന്‍ കെര്‍ക്കോവ് പറഞ്ഞു.