
അനധികൃത ഡ്രൈവിങ് സ്കൂളൂകൾക്കെതിരെ നടപടി;ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ നിർബന്ധം
April 15, 2025 4:09 pm
0
തിരുവനന്തപുരം: അനധികൃത ഡ്രൈവിങ് സ്കൂളുകൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്ക് ഇനി ബോണറ്റ് നമ്പർ നിർബന്ധമാണെന്ന ഉത്തരവുമായി ട്രാൻസ്പോർട്ട് കമ്മീഷ്ണർ. അടുത്ത മാസം മുതൽ പരിശോധനകൾ ശക്തമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഒരു ഡ്രൈവിങ് സ്കൂളിന് അഞ്ച് വാഹനങ്ങളാണ് ഉള്ളതെങ്കിൽ ഈ അഞ്ച് വാഹനങ്ങൾക്കും ബോണറ്റ് നമ്പർ നൽകുമെന്നും എന്നാൽ ഇതിനു പുറമെ അനുമതിയില്ലാതെ മറ്റൊരു വാഹനം കൂടി കൂട്ടിച്ചേർത്ത് ഡ്രൈവിങ് പഠിപ്പിക്കുകയാണെങ്കിൽ ആ സ്ഥാപനത്തിനെതിരെ കർശനമായ നടപടിയെടുക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
ബോണറ്റ് നമ്പറുകൾ പ്രദർശിപ്പിക്കേണ്ടത് കാറിൻ്റെ മുൻവശത്തും പുറകിലുമായിട്ടാകണമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. ദിനം പ്രതി ഡ്രൈവിംഗ് സ്കൂളുകളുടെ എണ്ണം കൂടുന്നതിനാലാണ് മോട്ടോർ വാഹന വകുപ്പ് ഈ ഒരു നടപടിയിലേക്ക് കടക്കുന്നത്.
താഴെ പറയുന്ന രീതിയിലാകണം ബോണറ്റ് നമ്പറുകൾ പ്രദർശിപ്പിക്കേണ്ടത് :
- ലൈറ്റ് മോട്ടോർ വാഹനങ്ങളിൽ പിറകിൽ നിന്നും നോക്കിയാൽ വ്യക്തമായി കാണത്തക്ക വിധത്തിൽ ഡിക്കി ഡോറിൻ്റെ മധ്യഭാഗത്തായും ബോണറ്റിൻ്റെ മധ്യ ഭാഗത്തായും വേണം പ്രദർശിപ്പിക്കേണ്ടത് .
- ഹെവി വാഹനങ്ങളിൽ മുൻവശത്ത് വിൻഡ് സ്ക്രീനിൻ്റെ താഴെ മധ്യഭാഗത്തായും പിൻഭാഗത്ത് റെയർ വിൻഡ് സ്ക്രീനിൻ്റെ താഴെ മധ്യഭാഗത്തുമായി വേണം പ്രദർശിപ്പിക്കേണ്ടത്.
3.മോട്ടോർ സൈക്കിളുകളിൽ ഫ്യൂവൽ ടാങ്കിൻ്റെ ഇടതുവശത്ത് പുറമേ നിന്നും വ്യക്തമായി കാണത്തക്ക വിധം പ്രദർശിപ്പിക്കേണ്ടതാണ്.
- മോട്ടോർ സൈക്കിൾ വിത്തൗട്ട് ഗിയർ വിഭാഗത്തിൽ വാഹനത്തിൻ്റെ മുൻഭാഗത്ത് രജിസ്ട്രേഷൻ പ്ലേറ്റിന് തടസമാകാത്ത രീതിയിൽ പുറമേ നിന്നും വ്യക്തമായി കാണത്തക്ക വിധം പ്രദർശിപ്പിക്കേണ്ടതാണ്.