Sunday, 20th April 2025
April 20, 2025

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം; ആദിവാസി വിഭാ​ഗത്തിൽപ്പെട്ട രണ്ടു പേർ കൊല്ലപ്പെട്ടു

  • April 15, 2025 5:18 pm

  • 0

തൃശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ആദിവാസി വിഭാ​ഗത്തിൽപ്പെട്ട രണ്ട് പേർ കൊല്ലപ്പെട്ടു. വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്,അംബിക എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
അതിരപ്പിള്ളി വഞ്ചി കടവിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയവർക്ക് നേരെയാണ് കാട്ടാന ആക്രമണമുണ്ടായത് എന്നാണ് റിപ്പോർട്ട്.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം.കഴിഞ്ഞ മൂന്ന് ദിവസമായി വനത്തിനകത്ത് വനവിഭവങ്ങൾ ശേഖരിക്കാൻ ‌ഇവർ കുടിൽ കെട്ടി തങ്ങുകയായിരുന്നു. ആനക്കൂട്ടത്തെ കണ്ടപ്പോൾ ഇവർ ചിന്നിചിതറി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയാണ് ഇത്തരത്തിൽ കാട്ടാന ആക്രമണം ഉണ്ടായതെന്ന് വാഴക്കാട് ഡി എഫ് ഒ ലക്ഷ്മി പറഞ്ഞു. പോസ്റ്റമോർട്ടം റിപ്പോർട്ട് വന്ന ശേഷമേ മരണകാര്യത്തിൽ വ്യക്തത പൂർണമായു വരൂ എന്നും ഡി എഫ് ഒ വ്യക്തമാക്കി.

48 മണിക്കൂറിനിടെ കാട്ടാന ആക്രമണത്തിൽ അതിരപ്പിള്ളിയിൽ ഉണ്ടായിരിക്കുന്നത് മൂന്ന് മരണങ്ങളാണ്. കഴിഞ്ഞ ദിവസം അടിച്ചിൽതോട്ടിൽ സ്വദേശി തമ്പാൻ്റെ മകൻ സെബാസ്റ്റ്യനും കാട്ടാന ആക്രമണത്തിൽ മരണപ്പെട്ടിരുന്നു. തേൻ ശേഖരിച്ച് മടങ്ങുമ്പോഴായിരുന്നു സെബാസ്റ്റ്യന് നേരെയും കാട്ടാന പാഞ്ഞടുത്തത്.