Monday, 27th January 2025
January 27, 2025

ലക്ഷദ്വീപില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി :എയര്‍ ആംബുലന്‍സിന് പ്രത്യേക സമിതിയുടെ അനുമതി വേണം

  • May 26, 2021 7:07 pm

  • 0

കൊച്ചി : ജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങള്‍ അവഗണിച്ച്‌ പുതിയ തീരുമാനങ്ങളും നിയന്ത്രണങ്ങളുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. ദ്വീപിലെ എയര്‍ ആംബുലന്‍സ് സംവിധാനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് 24 ന് പുറത്തിറക്കിയ പുതിയ ഉത്തരവ്.

എയര്‍ ആംബുലന്‍സ് സംവിധാനം ആവിശ്യം ഉള്ള രോഗികളെ കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്കും മാറ്റാന്‍ നാലം​ഗ സമിതിയുടെ അനുമതി വേണമെന്നാണ് പുതിയ ഉത്തരവ്. ഇതിനായി അഡ്മിനിസ്ട്രേറ്റര്‍ നാലംഗ സമിതിയെ നിയോഗിച്ചു. മെഡിക്കല്‍ ഡയറക്ടര്‍ ഉള്‍പ്പെടുന്ന നാലംഗ സമിതിയുടെ തീരുമാനത്തിന് അനുസരിച്ച്‌ മാത്രമേ ഇനി രോഗികളെ എയര്‍ ആംബലന്‍സില്‍ മാറ്റാന്‍ സാധിക്കുകമ്മിറ്റിയുടെ അനുമതി ഇല്ലെങ്കില്‍ രോഗികളെ കപ്പല്‍ മാര്‍ഗമേ മാറ്റാന്‍ സാധിക്കുകയുള്ളു.

അതേസമയം കാര്യക്ഷമതയില്ലാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ വകുപ്പുകള്‍ക്ക് ഭരണകൂടം കത്ത് നല്‍കിയിട്ടുണ്ട്. ദ്വീപ് സ്വദേശികളായ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് പുതിയ നപടിയെന്നാണ് വിമര്‍ശനം. നിലവില്‍ വിവിധ വകുപ്പുകളിലെ കമ്മിറ്റികളാണ് ജീവനക്കാരെ നിയമിച്ചിരുന്നത്.

അതേസമയം അഡ്മിനിസ്ട്രേറ്റര്‍ക്കെതിരേ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ദ്വീപില്‍ വ്യാഴാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. വൈകീട്ട് നാല് മണിക്ക് ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ എംപി ഉള്‍പ്പെടെ ദ്വീപിലെ എല്ലാ പാര്‍ട്ടികളുടെ നേതാക്കളും പങ്കെടുക്കും.യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് ദ്വീപിലെ ബിജെപി നേതൃത്വം വ്യക്തമാക്കി.

അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കുക, പരിഷ്കാരങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ രാഷ്ട്രപതിക്ക് ഭീമഹര്‍ജി നല്‍കാനുള്ള ഒരുക്കത്തിലാണ് ദ്വീപ് നിവാസികള്‍. അഡ്മിനിസ്ട്രേറ്റര്‍ക്കെതിരേ ദേശീയ തലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ എന്‍സിപിയും തീരുമാനിച്ചിട്ടുണ്ട്.