എയര്‍ ഇന്ത്യയുടെ സര്‍വെര്‍ ഹാക്ക് ചെയ്തു; ചോര്‍ന്നത് 45 ലക്ഷത്തോളം യാത്രക്കാരുടെ വിവരങ്ങള്‍
May 22, 2021 9:55 am
0
എയര്‍ ഇന്ത്യയുടെ സെര്‍വറിന് നേരെ സൈബര്‍ ആക്രമണം. പത്ത് വര്‍ഷത്തെ യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി എയര്‍ ഇന്ത്യ അറിയിച്ചു. 2011 ഓഗസ്റ്റ് 26 മുതല്‍ 2021 ഫെബ്രുവരി 3 വരെയുള്ള വിവരങ്ങളാണ് ചോര്‍ന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവരങ്ങള്‍ ചോര്‍ന്നത്.
ഡാറ്റാ ചോര്‍ച്ചയുടെ കാര്യം എയിര്‍ ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. മൂന്ന് മാസം മുമ്ബ് നടന്ന ഡാറ്റാ ചോര്‍ച്ച ഇപ്പോഴാണ് പുറത്തു വരുന്നത്. യാത്രക്കാരുടെ ക്രെഡിറ്റ് കാര്‍ഡ്, പാസ്പോര്‍ട്ട് വിവരങ്ങള്‍, ഫോണ്‍ നമ്ബര്‍ തുടങ്ങിയവയെല്ലാം ചോര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്ന പാസഞ്ചര്‍ സര്‍വീസ് സിസ്റ്റം ഡാറ്റാ പ്രോസസ്സറിന് നേരെ അടുത്തിടെ സൈബര്‍ ആക്രമണം ഉണ്ടായി. ഇതുവഴി ചില യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. ഏകദേശം 45 ലക്ഷം യാത്രക്കാരുടെ വിവരങ്ങളാണ് ഇതില്‍ പെടുന്നതെന്ന് എയര്‍ ഇന്ത്യ അറിയിച്ചതായി മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ അടക്കം ചോര്‍ന്നെങ്കിലും കാര്‍ഡുകളിലെ CVV/CVC നമ്ബരുകള്‍ ഇതില്‍പെടുന്നില്ലെന്നാണ് എയര്‍ഇന്ത്യ പറയുന്നത്. യാത്രക്കാരുടെ പേര്, ജനന തീയ്യതി, ബന്ധപ്പെടാനുള്ള വിവരങ്ങള്‍, പാസ്പോര്‍ട്ട് ഇന്‍ഫര്‍മേഷന്‍, ടിക്കറ്റ് വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ‍് ഡാറ്റ എന്നിവ ചോര്‍ന്നു. എന്നാല്‍ ക്രെഡിറ്റ് കാര‍്ഡിലെ CVV/CVC വിവരങ്ങള്‍ ഡാറ്റാ പ്രോസസ്സറില്‍ സൂക്ഷിക്കാറില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
2021 ഫെബ്രുവരി 25 നാണ് ഡാറ്റാ ലീക്കിനെ കുറിച്ചുള്ള ആദ്യ വിവരങ്ങള്‍ ലഭിച്ചതെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.