Monday, 27th January 2025
January 27, 2025

കെജ്‌രിവാളല്ല, ഇനി ഡല്‍ഹിയില്‍ ‘അനില്‍ ബൈജാല്‍ സര്‍ക്കാര്‍’-ലഫ്റ്റനന്‍റ്​ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം; നിയമഭേദഗതി നിലവില്‍

  • April 28, 2021 4:17 pm

  • 0

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇനി ലഫ്റ്റനന്‍റ്​ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം. ഇതോടെ കെജ്‌രിവാള്‍ സര്‍ക്കാറിന് പകരം ലഫ്റ്റനന്‍റ്​ ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഡല്‍ഹിയുടെ സര്‍ക്കാറായി മാറി. ലഫ്​റ്റനന്‍റ്​ ഗവര്‍ണര്‍ക്ക്​ കൂടുതല്‍ അധികാരം നല്‍കുന്ന ഡല്‍ഹി ദേശീയ തലസ്ഥാന മേഖല (ഭേദഗതി) ബില്ലിലെ വ്യവസ്ഥകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയതിനെ തുടര്‍ന്നാണിത്​.

ഇനിമുതല്‍ സംസ്ഥാന മന്ത്രിസഭയുടെ എല്ലാ ഉത്തരവുകള്‍ക്കും ഭരണപരമായ തീരുമാനങ്ങള്‍ക്കും ലഫ്റ്റനന്‍റ്​ ഗവര്‍ണറുടെ അഭിപ്രായം തേടണം. കോവിഡ് വ്യാപനവും ഒാക്​സിജന്‍ ദൗര്‍ലഭ്യവും രൂക്ഷമായ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളും കേന്ദ്രസര്‍ക്കാറും തമ്മില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.

സംസ്ഥാന സര്‍ക്കാറിനെക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ ലഫ്റ്റനന്‍റ്​ ഗവര്‍ണര്‍ക്ക് നല്‍കുന്ന ബില്‍ 2021 മാര്‍ച്ച്‌ 15നാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കുകയും ചെയ്​തു. മാര്‍ച്ച്‌ 28ന് രാഷ്​ട്രപതി രാംനാഥ് കോവിന്ദ് ഭേദഗതി ബില്ലില്‍ ഒപ്പുവെച്ചു. ഇതിനുപിന്നാലെയാണ് നിയമം പ്രാബല്യത്തില്‍ വന്നതായി ചൊവ്വാഴ്ച കേന്ദ്രം ഉത്തരവിറക്കിയത്.

ദേശീയ തലസ്ഥാന മേഖല ആക്‌ട് 1991 ഭേദഗതി വരുത്തിയാണ്​ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്​. ഡല്‍ഹി സര്‍ക്കാറും ലഫ്റ്റനന്‍റ്​ ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തില്‍ 2018ല്‍ സുപ്രീം കോടതി ഇടപെട്ടതിനെ തുടര്‍ന്നാണ്​ നിയമ ഭേദഗതി കൊണ്ടുവരാനുള്ള നീക്കങ്ങള്‍ കേന്ദ്രം ആരംഭിച്ചത്. മൂന്ന്​ വര്‍ഷത്തിനുള്ളില്‍ തന്നെ അതില്‍ വിജയം കൈവരിക്കാനും കേന്ദ്രത്തിനായി.

ലഫ്​റ്റനന്‍റ്​ ഗവര്‍ണര്‍ക്ക്​ കൂടുതല്‍ അധികാരം നല്‍കി കൊണ്ടുള്ള ഉത്തരവ്​ ദല്‍ഹിയിലെ ജനങ്ങളോട്​ കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന വഞ്ചനയാണെന്ന്​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍ ആരോപിച്ചു. 2015ലും 2020ലും ആം ആദ്​മി പാര്‍ട്ടിക്ക്​ വ്യക്​തമായ ഭൂരിപക്ഷം നല്‍കിയതാണ്​ ഡല്‍ഹിയിലെ ജനങ്ങള്‍. അവരെ അക്ഷരാര്‍ഥത്തില്‍ നോക്കുകുത്തിയാക്കുന്നതാണ്​ കേന്ദ്ര തീരുമാനം. ഡല്‍ഹിയില്‍​ തെരഞ്ഞെടുപ്പ്​ നടത്തുന്നതിന്‍റെ ഉ​ദ്ദേശത്തെ വരെ ചോദ്യം ചെയ്യുന്നതാണ്​ കേ​ന്ദ്ര തീരുമാനമെന്നും കെജ്​രിവാള്‍ അഭിപ്രായപ്പെട്ടു.