
ഐ എസ് ആര്‍ ഒ ചാരക്കേസിലെ ഗൂഢാലോചന സി ബി ഐ അന്വേഷിക്കും
April 15, 2021 12:15 pm
0
ന്യൂഡല്‍ഹി: ഐ എസ് ആര്‍ ഒ ചാരക്കേസിലെ ഗൂഢാലോചന സി ബി ഐ അന്വേഷിക്കും. ജയിന്‍ സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സി ബി ഐയ്‌ക്ക് കൈമാറണമെന്നും ഇത് പ്രാഥമിക റിപ്പോര്‍ട്ടായി കണക്കാക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന നമ്ബി നാരായണന്റെ ആവശ്യം കോടതി നിരസിച്ചു. ഒരു കാരണവശാലും ജയിന്‍ സമിതി റിപ്പോര്‍ട്ട് പരസ്യമാക്കരുതെന്നും റിപ്പോര്‍ട്ട് സീല്‍ ചെയ്‌ത കവറില്‍ സൂക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി.
കേസില്‍ തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് സിബി മാത്യൂസിന്റെ അഭിഭാഷകന്‍ പറഞ്ഞു. റിപ്പോര്‍ട്ട് മാദ്ധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും സിബി മാത്യൂസ് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനുളളതല്ലെന്നും സി ബി ഐക്ക് റിപ്പോര്‍ട്ട് നല്‍കരുതെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി ആവശ്യം തളളി.
റിപ്പോര്‍ട്ടില്‍ ഉചിതമായ നടപടി വേണ്ടിവരുമെന്ന് ജസ്റ്റിസ് ഖാന്‍വീല്‍ക്കര്‍ പറഞ്ഞു. സി ബി ഐ ഡറക്‌ടര്‍ക്കോ, സി ബി ഐ ആക്‌ടിംഗ് ഡയറക്‌ടര്‍ക്കോ റിപ്പോര്‍ട്ട് കൈമാറാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കരുത്. അടുത്ത മൂന്ന് മാസത്തിനകം സി ബി ഐ അന്വേഷണ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.