Thursday, 30th January 2025
January 30, 2025

കടല്‍ക്കൊലക്കേസ്: 10 കോടി നഷ്ടപരിഹാരം സ്വീകരിക്കും, സത്യവാങ്മൂലം നല്‍കി

  • April 9, 2021 10:50 am

  • 0

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ ഇറ്റലി നല്‍കുന്ന പത്ത് കോടി രൂപ നഷ്ടപരിഹാരത്തുക സ്വീകരിക്കാമെന്ന് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമയും അറിയിച്ചതായി കേരളം.

ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാല് കോടി രൂപ വീതമാണ് നഷ്ടപരിഹാരം ലഭിക്കുക. സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടി രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുകകടല്‍ക്കൊലക്കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി ടി. കെ ജോസ്, കേന്ദ്ര വിദേശകാര്യ സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഇറ്റലി നല്‍കുന്ന നഷ്ടപരിഹാരത്തുക സ്വീകരിക്കാമെന്ന് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമയും അറിയിച്ചതായി വ്യക്തമാക്കിയിരിക്കുന്നത്.

ഇക്കാര്യം കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചു. വെടിയേറ്റ് മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബാംഗങ്ങളും സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിയും നഷ്ടപരിഹാരം സ്വീകരിക്കാമെന്ന് വ്യക്തമാക്കി നല്‍കിയ സത്യവാങ്മൂലങ്ങളും കേരളം കൈമാറിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

കന്യാകുമാരി, കൊല്ലം ജില്ലകളിലെ കളക്ടര്‍മാര്‍ ആണ് മല്‍സ്യതൊഴിലാളികളുടെ കുടുംബങ്ങളും, ബോട്ട് ഉടമകളുമായി ചര്‍ച്ച നടത്തിയത്.

നേരത്തെ നല്‍കിയ 2.17 കോടിക്ക് പുറമെയാണ് ഇപ്പോള്‍ നല്‍കുന്ന പത്ത് കോടി രൂപ നഷ്ടപരിഹാരമെന്നാണ് ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസ്സി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്.

ഇതോടെ, കടല്‍കൊല കേസിന്റെ നടപടികള്‍ അവസാനിപ്പിക്കുന്നതിനെ കേരളം എതിര്‍ത്തേക്കില്ല.

രാജ്യാന്തര ട്രിബ്യുണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കടല്‍ക്കൊല കേസിന്റെ നടപടികള്‍ അവസാനിപ്പിക്കുന്നതിനോട് എതിര്‍പ്പ് അറിയിച്ചിരുന്ന കേരളം മുന്‍ നിലപാടാണ് ഇതോടെ മാറ്റുന്നത്.

പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കി കേസിലെ നടപടികള്‍ അവസാനിപ്പിക്കാമെന്ന വ്യവസ്ഥയോട് തങ്ങള്‍ക്ക് യോജിപ്പ് ആണെന്ന് കേരളം അറിയിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ക്രിമിനല്‍ കേസിലെ വിചാരണ ഏത് രാജ്യത്താണ് നടത്തേണ്ടതെന്ന് ഉത്തരവിടാന്‍ രാജ്യാന്തര ട്രിബ്യുണലിന് അധികാരമില്ലെന്ന് ആയിരുന്നു നേരത്തെ കേരളത്തിന്റെ നിലപാട്. രാജ്യാന്തര ഉടമ്ബടിക്ക് പുറത്തുള്ള വിഷയമാണ് ക്രിമിനല്‍ കേസിലെ അധികാര പരിധി നിശ്ചയിക്കല്‍. അതുകൊണ്ട് തന്നെ രാജ്യാന്തര ട്രിബ്യുണല്‍ വിധി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കരുതെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.

കടല്‍കൊല ക്കേസില്‍ വിചാരണ നടത്താന്‍ ഉള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്നാണ് 2013ല്‍ സുപ്രീം കോടതി വിധിച്ചത്. 2013 ലെ സുപ്രീം കോടതി വിധി നിലനില്‍ക്കെ കേന്ദ്ര സര്‍ക്കാരിന് മറിച്ചൊരു തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും കേരളം നേരത്തെ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു.

എന്നാല്‍, മുന്‍ നിലപാട് കേരള സര്‍ക്കാര്‍ മാറ്റിയതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. നഷ്ടപരിഹാരം നല്‍കാന്‍ ഇറ്റലി സന്നദ്ധത പ്രകടിപ്പിച്ചതോടെയാണ് കേരളം മുന്‍ നിലപാടില്‍ മാറ്റം വരുത്തിയതെന്നാണ് സൂചന.

കേസിലെ നടപടികള്‍ അവസാനിപ്പിക്കണം എന്ന കേന്ദ്ര ആവശ്യം ഇന്ന് പരിഗണിക്കും.

രാജ്യാന്തര ട്രിബ്യുണലിന്റെ തീര്‍പ്പിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കടല്‍ക്കൊല കേസിന്റെ നടപടികള്‍ അവസാനിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും.

ഇന്ത്യയും ഇറ്റലിയും തമ്മില്‍ ഉള്ള സുപ്രധാന വിഷയം ആണ് കടല്‍ക്കൊല കേസിലെ നടപടികള്‍ എന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.

എന്നാല്‍ സെന്റ് ആന്റണീസ് ബോട്ടില്‍ ഉണ്ടായിരുന്ന എട്ട് മത്സ്യത്തൊഴിലാളികളും, ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച അജേഷ് പിങ്കിയുടെ ബന്ധുവും, ബോട്ടില്‍ ഉണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത മത്സ്യത്തൊഴിലാളി പ്രിജിന്റെ അമ്മയും തങ്ങളുടെ വാദം കേള്‍ക്കാതെ കേസിലെ നടപടികള്‍ അവസാനപ്പിക്കരുതെന്നാവശ്യപ്പെട്ട് നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

നിലപാടില്‍ മത്സ്യത്തൊഴിലാളികള്‍ ഉറച്ച്‌ നിന്നാല്‍ കേസുമായി ബന്ധപ്പെട്ട നടപടികള്‍ നീണ്ടു പോയേക്കും.