Thursday, 24th April 2025
April 24, 2025

ഇറ്റാലിയന്‍ നാവികര്‍ക്ക് എതിരായ കേസിലെ നടപടികള്‍ അവസാനിപ്പിക്കണം; കേന്ദ്രത്തിന്റെ ആവശ്യം സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിക്കും

  • April 7, 2021 3:40 pm

  • 0

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് എതിരായ നടപടികള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയതിനാല്‍ കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചു. അടിയന്തരമായി കേസ് പരിഗണിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

രാജ്യാന്തര ട്രിബ്യൂണലിന്റെ തീര്‍പ്പിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കടല്‍ക്കൊല കേസിന്റെ നടപടികള്‍ അവസാനിപ്പിക്കണം എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യംഇന്ത്യയും ഇറ്റലിയും തമ്മിലുള്ള സുപ്രധാനമായ വിഷയമാണ് കടല്‍ക്കൊല കേസിലെ നടപടികളെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. കടല്‍ക്കൊല കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂലായിലാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ വിചാരണ കോടതിയുടെ നിലപാട് അറിയട്ടെ എന്നായിരുന്നു അന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നത്. കേസിലെ മറ്റ് കക്ഷികളെ കേള്‍ക്കാതെ നടപടികള്‍ അവസാനിപ്പിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വാക്കാല്‍ നിരീക്ഷിച്ചിരുന്നു.

അതേസമയം സെന്റ് ആന്റണീസ് ബോട്ടില്‍ ഉണ്ടായിരുന്ന എട്ട് മത്സ്യത്തൊഴിലാളികളും, ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച അജേഷ് പിങ്കിയുടെ ബന്ധുവും, ബോട്ടില്‍ ഉണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത മത്സ്യത്തൊഴിലാളി പ്രിജിന്റെ അമ്മയും തങ്ങളുടെ വാദം കേള്‍ക്കാതെ കേസിലെ നടപടികള്‍ അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. നിലപാടില്‍ മത്സ്യത്തൊഴിലാളികള്‍ ഉറച്ച്‌ നിന്നാല്‍ കേസുമായി ബന്ധപ്പെട്ട് വിശദമായ വാദം കേള്‍ക്കല്‍ കോടതിയില്‍ നടക്കും.

കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തെ എതിര്‍ക്കാനായിരുന്നു നേരത്തെ കേരള സര്‍ക്കാരിന്റെ തീരുമാനം. കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ചവരില്‍ മലയാളികള്‍ ഉള്ളതിനാല്‍ കേരളത്തിന്റെ നിലപാട് സുപ്രീം കോടതി കേള്‍ക്കണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. ഈ നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറച്ച്‌ നില്‍ക്കും എന്നാണ് സൂചന.