Thursday, 24th April 2025
April 24, 2025

മുംബൈയില്‍ കൊവിഡ് ആശുപത്രിയില്‍ അഗ്നിബാധ; ആറ് മരണം

  • March 26, 2021 11:38 am

  • 0

മുംബൈ : നഗരത്തിലെ പ്രധാന കൊവിഡ് ആശുപത്രികളിലൊന്നായ സണ്‍റൈസ് ആശുപത്രിയില്‍ അഗ്നിബാധ. വെള‌ളിയാഴ്‌ച അര്‍ദ്ധരാത്രിയോടെയാണ് തീപിടുത്തമുണ്ടായത്. ആറ് പേര്‍ മരണമടഞ്ഞതായാണ് വിവരം. 70ഓളം പേരെ രക്ഷപ്പെടുത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

എന്നാല്‍ മരണമടഞ്ഞവര്‍ കൊവി‌ഡ് മൂലമാണ് മരിച്ചതെന്നും അഗ്നിബാധയെ തുടര്‍ന്നല്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മ‌റ്റ് രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നവരെ ഫോര്‍ട്ടിസ് ആശുപത്രിയിലേക്ക് മാ‌റ്റിയതായും സണ്‍റൈസ് ആശുപത്രി അധിക‌ൃതര്‍ പറഞ്ഞു. ആശുപത്രി ഉള്‍പ്പെട്ട ഡ്രീംമാളിലെ ഒന്നാം നിലയിലാണ് തീ ആദ്യം കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് പടരുകയായിരുന്നു. ആകെ 76 പേരായിരുന്നു ആശുപത്രിയിലുണ്ടായിരുന്നത്. ഇതില്‍ 73 പേരും കൊവിഡ് രോഗികളായിരുന്നു.

23 അഗ്നിരക്ഷാ സേന യൂണി‌റ്റുകള്‍ ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. നഗരത്തില്‍ കൊവിഡ് പ്രതിദിനം വര്‍ദ്ധിച്ചുവരുന്ന സമയത്തുണ്ടായ അഗ്നിബാധ നഗരവാസികളെ ആശങ്കയിലാക്കി. തീപിടിത്തത്തിന് കാരണം വ്യക്തമായിട്ടില്ലെന്നും സംഭവത്തില്‍ വിപുലമായ അന്വേഷണമുണ്ടാകുമെന്ന് മുംബയ് മേയര്‍ കിശോരി പെഡ്‌നേക്കര്‍ അഭിപ്രായപ്പെട്ടു. അഗ്നിബാധയുണ്ടായ ഉടനെ ഫയര്‍ അലാറം മുഴങ്ങിയെന്നും ഉടനെ രോഗികളെയെല്ലാം നീക്കിയെന്ന് സണ്‍റൈസ് ആശുപത്രി അധിക‌ൃതരും അറിയിച്ചു.