Thursday, 24th April 2025
April 24, 2025

പഴയ വാഹനം പൊളിച്ചാല്‍ പുതിയ വാഹനത്തിന് അഞ്ച് ശതമാനം ഇളവ്

  • March 8, 2021 1:07 pm

  • 0

വാഹന മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള നിര്‍ദേശമാണ് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് പോളിസി. ഈ നയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനായി വാഹനങ്ങള്‍ക്ക് അഞ്ച് ശതമാനം ഇന്‍സെന്റീവ് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. 2022 ഓടെ ഈ പൊളിക്കല്‍ നയം ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന .

വാഹനം പൊളിച്ച ശേഷം പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് നിര്‍മാതാക്കള്‍ അഞ്ച് ശതമാനം ഇന്‍സെന്റീവ് നല്‍കണമെന്നാണ് മന്ത്രിയുടെ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നത് . പഴയ വാഹനം പൊളിക്കുന്നവര്‍ക്ക് നിര്‍മാതാക്കളില്‍ നിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുമെന്ന് പൊളിക്കല്‍ നയം തയാറാക്കുന്ന സമയത്ത് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.അതെ സമയം ഇത് എപ്പോള്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യത്തില്‍ തീരുമാനമായില്ല .

ഓട്ടോമേറ്റഡ് ടെസ്റ്റിങ്ങ് സംവിധാനത്തില്‍ വാഹനത്തിന്റെ ഫിറ്റ്‌നെസ് പരിശോധിച്ച ശേഷമായിരിക്കും പൊളിക്കുന്ന കാര്യം തീരുമാനിക്കുക. ഇതിനായി ഓട്ടോമേറ്റഡ് ടെസ്റ്റിങ്ങ് സെന്റുറുകള്‍ സജ്ജമാക്കണം .ഇതിനൊപ്പം ഗ്രീന്‍ ടാക്‌സ് പോലുള്ളവയും പ്രാബല്യത്തില്‍ വരുത്തേണ്ടതുണ്ടെന്നും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

പഴയ വാഹനങ്ങള്‍ പരിശോധിക്കുന്നതിനുള്ള ഓട്ടോമേറ്റഡ് ടെസ്റ്റിങ്ങ് സെന്ററുകള്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇതിനൊപ്പം പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനും സ്വകാര്യ കമ്ബനികളെയും സംസ്ഥാന സര്‍ക്കാരുകളെയും ചുമതലപ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.