സ്ത്രീ പുരുഷന്‍റെ സ്വത്തല്ല; കൂടെ ജീവിക്കാന്‍ നിര്‍ബന്ധിക്കാനാവില്ല- സുപ്രീം കോടതി
March 3, 2021 3:04 pm
0
ന്യൂഡല്‍ഹി: തന്‍റെ കൂടെ ജീവിക്കണമെന്ന് നിര്‍ബന്ധിക്കാവുന്ന പുരുഷന്‍റെ സ്വത്തും അടിമയുമല്ല സ്ത്രീയെന്ന് സുപ്രീം കോടതി. തന്‍റെ ഭാര്യയോട് കൂടെ ജീവിക്കാന്‍ പരമോന്നത കോടതി ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഒരാള്‍ നല്‍കിയ കേസില്‍ വാദം കേള്‍ക്കവെയാണ് അഭിപ്രായപ്രകടനം. ”നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത്? ഇങ്ങനെ ഉത്തരവിടാന്‍ സ്ത്രീ നിങ്ങളുടെ സ്വത്താണോ? ഭാര്യയോട് നിങ്ങള്‍ക്കു പിന്നാലെ നടക്കണമെന്ന് പറയാനാകുമോ?” ജസ്റ്റീസ് സഞ്ജയ് കിഷന്‍ കൗളും ഹേമന്ദ് ഗുപ്തയുമടങ്ങിയ ബെഞ്ച് ചോദിച്ചു.
ഗോരഖ്പൂര്‍ കുടുംബകോടതി ഹിന്ദു വൈവാഹിക നിയമം ഒമ്ബതാം വകുപ്പ് പ്രകാരം പുരുഷന് അനുകൂലമായി നല്‍കിയ വിധി പുനഃസ്ഥാപിക്കാനാവശ്യപ്പെട്ടുള്ള കേസിലാണ് കോടതി ഇടപെടല്‍. തന്നെ സ്ത്രീധനം പറഞ്ഞ് ഭര്‍ത്താവ് പീഡിപ്പിക്കല്‍ തുടരുകയാണെന്നും അതിന്‍റെ പേരിലാണ് താന്‍ വീടുവിട്ടുപോന്നതെന്നും പരാതിക്കാരി പറഞ്ഞു. 2013ലായിരുന്നു ഇരുവരും തമ്മിലെ വിവാഹം.
വീടുവിട്ടുപോന്ന ശേഷം 2015ല്‍ ഇവര്‍ നല്‍കിയ പരാതിയില്‍ ജീവനാംശമായി 20,000 രൂപ പ്രതിമാസം നല്‍കാന്‍ ഗോരഖ്പൂര്‍ കോടതി ഉത്തരവിട്ടു. ഇതിനെതിരെ കുടുംബ കോടതിയെ സമീപിച്ചപ്പോഴാണ് പുരുഷന് അനുകൂല വിധി നല്‍കിയത്. അനുകൂല വിധി ലഭിച്ചയുടന്‍ ഭാര്യക്ക് ജീവനാംശം നല്‍കണമെന്ന വിധിക്കെതിരെ ഇയാള്‍ വീണ്ടും കോടതിയിലെത്തി. വിധി റദ്ദാക്കാന്‍ അലഹാബാദ് ഹൈക്കോടതി വിസമ്മതിച്ചതിനെ തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ജീവനാംശം നല്‍കാതിരിക്കാനാണ് തന്‍റെ കൂടെ ജീവിക്കാന്‍ നിര്‍ബന്ധിക്കണമെന്ന് പുരുഷന്‍ ആവശ്യപ്പെടുന്നതെന്ന് സ്ത്രീയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, കുടുംബകോടതി പുരുഷന് അനുകൂലമായി വിധി പറഞ്ഞതിനാല്‍ ഭാര്യ കൂടെ പോകാന്‍ നിര്‍ബന്ധിക്കണമെന്ന് ഭര്‍ത്താവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഈ കേസിന്‍റെ വാദം കേള്‍ക്കലിനിടെയാണ് കടുത്ത ഭാഷയിലുള്ള മറുപടി.