Friday, 31st January 2025
January 31, 2025

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി നാല് സംസ്ഥാനങ്ങള്‍

  • February 24, 2021 10:08 am

  • 0

തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി നാല് സംസ്ഥാനങ്ങള്‍. കര്‍ണാടക, ഉത്തരാഖണ്ഡ്, മണിപ്പൂര്‍,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.

കൊവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവര്‍മാത്രം വന്നാല്‍മതി എന്നാണ് ഈ സംസ്ഥാനങ്ങള്‍ അറിയിച്ചിരിക്കുന്നത്. കേരളം, ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും വരുന്നവരുടെ കൈവശം ആര്‍ ടി പി സി ആര്‍. നെഗറ്റീവ് റിപ്പോര്‍ട്ട് വേണമെന്ന് മഹാരാഷ്ട്ര അറിയിച്ചിട്ടുണ്ട്.

ആര്‍ ടി പി സി ആര്‍ പരിശോധനാഫലം നെഗറ്റീവായവര്‍ക്ക് മാത്രമായിരിക്കും മംഗളൂരുവിലേക്ക് പ്രവേശനം എന്നാണ് ദക്ഷിണ കന്നഡ അധികൃതര്‍ അറിയിച്ചിരിക്കുന്നത്തലപ്പാടിയില്‍ നാളെ മുതലായിരിക്കും ഇത് കര്‍ശനമാക്കുക. പ്രതിദിനം യാത്ര ചെയ്യുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ പരിശോധന നടത്തിയ റിപ്പോര്‍ട്ടും, എവിടേക്കാണ് പോകുന്നതെന്ന വിവരങ്ങളും കൈയില്‍ കരുതണം. ഒരുതവണ മാത്രം യാത്ര ചെയ്യുന്നവര്‍ 72 മണിക്കൂറിനകം നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് കൈവശം വയ്ക്കണം. ആംബുലന്‍സില്‍ വരുന്നവര്‍ ആശുപത്രിയിലെത്തിയ ഉടന്‍ രോഗിയെയും കൂടെ വന്നവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം.

രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഒഡിഷ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളിലും ചില നിയന്ത്രണങ്ങളുണ്ട്.കഴിഞ്ഞ ദിവസം രാജ്യത്ത് 13,000ത്തിലധികം കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.