Tuesday, 29th April 2025
April 29, 2025

ബാലഭാസ്കറിന്റെ മരണം: കലാഭവൻ സോബിയുടെ മൊഴി കള്ളം: പരിശോധനാഫലം

  • November 12, 2020 10:18 am

  • 0

കൊച്ചി∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബിയുടെ മൊഴി കള്ളമെന്ന് പരിശോധനാഫലം. അപകടസ്ഥലത്ത് സോബി കണ്ടെന്ന് പറഞ്ഞയാള്‍ ആ സമയത്ത് ബെംഗളൂരുവിലാണെന്നു കണ്ടെത്തി. സ്വര്‍ണക്കടത്ത് സംഘാംഗം റൂബിന്‍ തോമസിനെ കണ്ടെന്നായിരുന്നു മൊഴി. അപകടത്തിനു മുമ്പ് ബാലഭാസ്കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടെന്ന മൊഴിയും കളവെന്ന് കണ്ടെത്തി. അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴി കള്ളമാണെന്നും പരിശോധനയിൽ കണ്ടെത്തി.

ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്‌ഷനു സമീപം 2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ ബാലഭാസ്കറും മകളും മരിച്ചു. ഭാര്യയ്ക്കു ഗുരുതരമായി പരുക്കേറ്റു. അപകടം നടന്ന സ്ഥലത്ത് എത്തുന്നതിനു മുൻപ് ബാലഭാസ്കറിന്റെ കാർ ആക്രമിക്കപ്പെട്ടെന്നാണ് അതുവഴി അന്നേദിവസം കടന്നുപോയ കലാഭവൻ സോബിയുടെ മൊഴി. നുണ പരിശോധന നടത്തുന്നതിലൂടെ ഇക്കാര്യത്തിലും വ്യക്തത വരുമെന്നു സിബിഐ പറയുന്നു.

ബാലഭാസ്കറിന്റെ സംഗീത പരിപാടികളുടെ സംഘാടകരായിരുന്നു പ്രകാശൻ തമ്പിയും വിഷ്ണുവും. വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തു കേസില്‍ പ്രകാശന്‍ തമ്പിയും വിഷ്ണുവും പ്രതിയായതോടെയാണ് വാഹന അപകടത്തെക്കുറിച്ചു ബന്ധുക്കള്‍ക്കു സംശയമുണ്ടാകുന്നത്അപകടസമയത്ത് ബാലഭാസ്കറിന്റെ കൂടെയുണ്ടായിരുന്ന അർജുൻ താൻ വാഹനമോടിച്ചില്ലെന്നു മൊഴിമാറ്റിയതിലും ബന്ധുക്കൾ ദുരൂഹത കണ്ടിരുന്നു. ബാലഭാസ്കറാണ് വാഹനമോടിച്ചതെന്നാണ് അർജുന്റെ വാദം.

ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്തുകൂടി പോയപ്പോൾ ദുരൂഹ സാഹചര്യത്തിൽ ചിലരെ കണ്ടതായി സോബി ക്രൈംബ്രാഞ്ചിനോടു പറ‍ഞ്ഞങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. പിന്നീട് ഡിആർഐ ചില സ്വർണക്കടത്തുകാരുടെ ഫോട്ടോകൾ കാണിക്കുകയും സോബി അതിലൊരാളെ തിരിച്ചറിയുകയും ചെയ്തിരുന്നു.

ബാലഭാസ്കർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നവരിൽ ചിലർ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണെന്നു സ്ഥിരീകരിച്ച് ഡിആർഐ അന്വേഷണം നടത്തിയിരുന്നു. സോബിയുടെ മൊഴി ആസ്പദമാക്കി സിബിഐ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു.

എന്നാൽ ബാലഭാസ്കർ കേസിൽ താൻ പറഞ്ഞത് കള്ളമാണെന്നു സിബിഐ കോടതിയിൽ പറഞ്ഞാൽ നിയമനടപടി സ്വീകരിക്കുമെന്നു കലാഭവൻ സോബി പ്രതികരിച്ചു. ഏത് ഘട്ടത്തിലാണ് താൻ നുണപരിശോധനയുമായി സഹകരിക്കാത്തതെന്ന കാര്യത്തിൽ സിബിഐ മറുപടി പറയണമെന്നും കലാഭവൻ സോബി പറഞ്ഞു.