
ദേശീയ പണിമുടക്ക്; കേരളം കണ്ട ഏറ്റവും ശക്തമായ തൊഴിലാളി മുന്നേറ്റമായി മാറുമെന്ന് സമരസമിതി
January 6, 2020 5:04 pm
0
തിരുവനന്തപുരം: ബുധനാഴ്ചത്തെ ദേശീയപണിമുടക്കില്‍ കടകമ്ബോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടക്കുമെന്നും വാഹനങ്ങള്‍ നിരത്തിലിറങ്ങില്ലെന്നും വ്യക്തമാക്കി സംയുക്ത സമരസമിതി. ദേശീയപണിമുടക്ക് കേരളം കണ്ട ഏറ്റവും ശക്തമായ തൊഴിലാളി മുന്നേറ്റമായി മാറുമെന്നും സമരസമിതി അറിയിച്ചു. 44 തൊഴില്‍ നിയമങ്ങള്‍ റദ്ദ് ചെയ്ത് നാല് പുതിയ തൊഴില്‍ കോഡുകള്‍ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിനെതിരെ 24 മണിക്കൂര്‍ പണിമുടക്കിനാണ് തൊഴിലാളി സംഘടനകളുടെ ആഹ്വാനം.
രാജ്യ വ്യാപക പണിമുടക്കില്‍ പകുതിയോളം സംസ്ഥാനങ്ങള്‍ നിശ്ചലമാകുമെന്നാണ് സംയുക്ത സമര സമിതി വ്യക്തമാക്കുന്നത്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, ബാങ്കിംഗ്, മറ്റ് സര്‍വ്വീസ് മേഖലകള്‍ തുടങ്ങിയവയെല്ലാം പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം അവശ്യസര്‍വീസ്, ആശുപത്രി, വിനോദസഞ്ചാര മേഖല, ശബരിമല തീര്‍ത്ഥാടനം എന്നിവയെ പണിമുടക്കനുകൂലികള്‍ തടയില്ല. വ്യാപാര സ്ഥാപനങ്ങള്‍ക്കൊപ്പം ഷോപ്പിംഗ് മാളുകളോടും പണിമുടക്കില്‍ സഹകരിക്കാന്‍ സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.