റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതിയില്ല
January 3, 2020 9:56 am
0
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ കടുത്ത പ്രതിഷേധം ഉയര്‍ത്തുന്ന പശ്ചിമബംഗാള്‍ സര്‍ക്കാരിനും, ബിജെപി സഖ്യം വിട്ടു കോണ്‍ഗ്രസിന്റെ കൈപിടിച്ചു ശിവസേന സര്‍ക്കാര്‍ രൂപീകരിച്ച മഹാരാഷ്ട്രയ്ക്കും പിന്നാലെ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിനും റിപ്പബ്ലിക് ദിന പരേഡില്‍ അവസരം നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍.
റിപ്പബ്ലിക് ദിന പരേഡില്‍ നിശ്ചലദൃശ്യം അവതരിപ്പിക്കാനുള്ള കേരളത്തിന്റെ അപേക്ഷ കേന്ദ്രം നിരാകരിച്ചു. മൂന്ന് തവണ വിദഗ്ധരുടെ സമിതി പരിശോധിച്ച ശേഷമാണ് കേരളത്തിന്റെ അപേക്ഷ തള്ളിയത്. പശ്ചിമബംഗാളിന്റെയും മഹാരാഷ്ട്രയുടെയും കാര്യത്തിലും കേന്ദ്രം ഇതേ നിലപാടാണ് സ്വീകരിച്ചത്. അപേക്ഷ കേന്ദ്രപ്രതിരോധ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്.
16 സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ആറു മന്ത്രാലയങ്ങളുടെയും നിശ്ചലദൃശ്യം അവതരിപ്പിക്കാനുള്ള അപേക്ഷകള്‍ കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമായി 32 നിശ്ചല ദൃശ്യങ്ങളാണുള്ളത്. 24 എണ്ണം വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടേതുമായിരിക്കും. നിശ്ചലദൃശ്യത്തിന്റെ വിഷയം ആശയം രൂപകല്പന എന്നിവ പരിശോധിച്ചാണ് വിദഗ്ധസമിതി അപേക്ഷകള്‍ പരിഗണിക്കുന്നത്.
വ്യക്തമായ കാരണങ്ങള്‍ അറിയിക്കാതെയാണ് കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ചരിക്കുന്നത്. ആദ്യ മൂന്ന് റൗണ്ടുകളിലും കേരളത്തിന്റെ ആശയത്തിന് അനുമതി ലഭിച്ചിരുന്നു. കലാമണ്ഡലവും, തെയ്യവും വള്ളംകളിയുമുള്‍പ്പെട്ട നിശ്ചല ദൃശ്യത്തിനാണ് കേരളം അനുമതി തേടിയത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് പ്രദര്‍ശനാനുമതി ലഭിക്കാത്തത്.