Friday, 25th April 2025
April 25, 2025

പട്ടാപ്പകല്‍ ബാങ്കില്‍ കയറിയത് 12 മോഷ്ടാക്കള്‍; 4 ലക്ഷം രൂപ കവര്‍ന്നു

  • January 2, 2020 3:00 pm

  • 0

തൃശ്ശൂര്‍: ആര്‍ക്കും ഒരു സംശയം പോലുമില്ലാതെ തിരക്കേറിയ ബാങ്കില്‍ നിന്നും കള്ളന്മാര്‍ കവര്‍ന്നത് നാല് ലക്ഷം രൂപ. തൃശ്ശൂര്‍ സ്വരാജ് റൗണ്ട് സൗത്തിലെ എ.സ്ബി.ഐ ശാഖയില്‍ നിന്നാണ് ഇതുവരെ കേട്ട മോഷണവാര്‍ത്തകളില്‍ നിന്നെല്ലാം വ്യത്യസ്തമായ സിനിമാക്കഥയെ വെല്ലുന്ന മോഷണം നടന്നത്. പട്ടാപ്പകല്‍ ബാങ്കില്‍ കയറിയ 12 മോഷ്ടാക്കള്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച്‌ നാടകീയമായി കവര്‍ന്നത് 4 ലക്ഷം രൂപയാണ്. നാലു പേര്‍ ബാങ്ക് കവാടത്തില്‍ കാവല്‍ നില്‍ക്കുകയും മറ്റുള്ളവര്‍ ജീവനക്കാരുടെ ശ്രദ്ധ തിരിക്കുകയും ചെയ്ത തക്കത്തിനാണ് പന്ത്രണ്ടാമന്‍ കാഷ് കൗണ്ടറിലെ ക്യാബിനില്‍ നിന്ന് 4 ലക്ഷം രൂപ കവര്‍ന്നത്.

പതിവുപോലെ നടന്ന വൈകിട്ടത്തെ ബാങ്കിലെ കണക്കെടുപ്പിനിടെയാണ് 4 ലക്ഷം രൂപ കുറവുള്ളതായി തിരിച്ചറിഞ്ഞത്തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണു മോഷണം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 9നും12നും ഇടയ്ക്കായിരുന്നു കവര്‍ച്ച. 12 അംഗസംഘത്തില്‍ 8 പേരാണ് ഉള്ളില്‍ കയറിയത്. മറ്റുള്ളവര്‍ ആര്‍ക്കും സംശയം തോന്നാത്ത വിധം വാതില്‍ക്കല്‍ കാവല്‍ നിന്നു. ഉള്ളില്‍ 5 കൗണ്ടറുകളിലെയും ജീവനക്കാര്‍ക്കു മുന്നില്‍ 5 പേര്‍ ഇടപാടിനെന്ന പോലെ ഇരിപ്പുറപ്പിച്ചു. സമീപത്തെ കാഷ് കൗണ്ടറിനു മുന്നില്‍ 2 പേരും നിന്നു. ഹിന്ദിയിലും തമിഴിലുമായിരുന്നു ഇവരുടെ സംസാരം.

ചില വൗച്ചറുകള്‍ ജീവനക്കാരെ കാണിച്ച ശേഷം ഇവര്‍ ഉച്ചത്തില്‍ സംശയങ്ങള്‍ ചോദിച്ചതോടെ ജീവനക്കാരുടെ ശ്രദ്ധ മുഴുവന്‍ ഇവരിലേക്കു തിരിഞ്ഞു. ഈ തക്കത്തില്‍ പന്ത്രണ്ടാമന്‍ കാഷ് കൗണ്ടറിന്റെ പിന്നിലെ വാതിലിലൂടെ കയറിപ്പറ്റി. ഹെഡ് കാഷ്യര്‍ കാബിനിലുണ്ടായിരുന്നെങ്കിലും ഇവരുടെ ശ്രദ്ധ തിരിക്കാനും മോഷ്ടാക്കള്‍ക്കായി. ഇതിനിടെ പന്ത്രണ്ടാമന്‍ മേശവലിപ്പില്‍ നിന്നു 4 ലക്ഷം രൂപയെടുത്ത് അരയില്‍ ഒളിപ്പിച്ചു. പിന്നീട് ബാങ്കിനുള്ളിലുണ്ടായിരുന്ന 8 പേരും ഒന്നിച്ചു തന്നെ പുറത്തുപോയി. സിസിടിവിയില്‍ മോഷണ ദൃശ്യം കൃത്യമായി പതിഞ്ഞിട്ടുണ്ട്. മോഷ്ടാക്കള്‍ തമിഴ്‌നാട് സ്വദേശികളാണെന്നാണ് സംശയം. ഭാഷാപ്രയോഗ രീതിയില്‍ നിന്നാണ് ജീവനക്കാര്‍ക്ക് ഇതു സംബന്ധിച്ചു സൂചന ലഭിച്ചത്. ഈസ്റ്റ്‌പോലീസ് അന്വേഷണം ആരംഭിച്ചു.