Friday, 25th April 2025
April 25, 2025

ലുങ്കി ഉടുത്ത് വരുന്നവരെ തടഞ്ഞാല്‍ ഇനി ഹോട്ടലുടമകള്‍ വിവരമറിയും, നിയമം പാസാക്കി കോഴിക്കോട് കോര്‍പ്പറേഷന്‍

  • January 2, 2020 9:00 pm

  • 0

കോഴിക്കോട്ലുങ്കി ധരിച്ചു വരുന്നവരെ ഹോട്ടലുകള്‍ തടയരുതെന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമം നിര്‍മ്മിച്ച്‌ കോഴിക്കോട് കോര്‍പ്പറേഷന്‍. കഴിഞ്ഞ ജൂലൈയില്‍ കോഴിക്കോട് ഉണ്ടായ സംഭവമാണ് നിയമ നിര്‍മ്മാണത്തിന് കോര്‍പ്പറേഷനെ പ്രേരിപ്പിച്ചത്. ലുങ്കി ഉടുത്ത് വന്ന കരീം ചേലമ്ബ്ര എന്നയാളെ സീ ക്യൂന്‍ ഹോട്ടലിലെ ജീവനക്കാര്‍ തടഞ്ഞ സംഭവം വലിയ വിവാദമായിരുന്നു.ഇതില്‍ പ്രതിഷേധിച്ച്‌ അന്ന് ലുങ്കി മാര്‍ച്ചും നടത്തിയിരുന്നു. ഇപ്പോള്‍ തനത് വസ്ത്രധാരണ രീതികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ നിയമം ഉണ്ടാക്കിയിരിക്കുന്നത്.

നിയമത്തില്‍ ലുങ്കി എന്ന് എടുത്തു പറയുന്നില്ല.നാടന്‍ വേഷവിധാനങ്ങളോടെ വരുന്നവരെ തടയരുതെന്ന് ഹോട്ടലുകളോട് നിര്‍ദേശിക്കുന്നതാണ് നിയമം.തനത് ആചാരങ്ങളെയും വേഷവിധാന രീതികളെയും ബഹുമാനിക്കാന്‍ ഹോട്ടലുകള്‍ തയ്യാറാവണമെന്നും നിയമത്തില്‍ പറയുന്നു.ഹോട്ടലുകള്‍ സന്ദര്‍ശിക്കുമ്ബോള്‍ ഏതുതരത്തിലുളള വേഷവിധാനം തെരഞ്ഞെടുക്കണമെന്ന് ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതാണ് പുതിയ നിയമമെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി ബാബുരാജ് പറഞ്ഞു.